രാജ്യത്തെ ഹൈക്കോടതികളുടെ പേര് മാറ്റാൻ തീരുമാനം

ന്യൂഡല്‍ഹി: ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേര് യഥാക്രമം മുംബൈ ഹൈക്കോടതി, ചെന്നൈ ഹൈക്കോടതി എന്നിങ്ങനെ പരിഷ്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.പേരുമാറ്റത്തിനുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്ഥലനാമം മാറിയിട്ടും ഹൈക്കോടതികളുടെ പേരുകള്‍ മാറ്റിയിരുന്നില്ല. 1990 മുതല്‍ മൂന്ന് നഗരങ്ങളുടേയും പേരുകള്‍ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിങ്ങനെ മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റത്തിനുള്ള ആവശ്യം ഉയര്‍ന്നത്. 1861 ലെ ഇന്ത്യന്‍ ഹൈക്കോര്‍ട്ട് ആക്ട് അനുസരിച്ച് നിലവില്‍ വന്ന ഈ മൂന്ന് ഹൈക്കോടതികളുടേയും പേരുകള്‍ക്ക് മാറ്റം വരുത്തുന്നതിനായി ‘ദ ഹൈക്കോര്‍ട്ട്‌സ് ബില്‍ 2016’ എന്ന പുതിയ ബില്‍ കൊണ്ടുവരാനാണ് നിയമമന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ ഹൈക്കോടതികളുടെ പേരില്‍ മാറ്റം വരുത്തുന്നതിന് മതിയായ കേന്ദ്രനിയമം ഒന്നുംതന്നെയില്ല. ഹൈക്കോടതികളുടെ പേരുകള്‍ മാറ്റുന്നതിനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുമായി കൂടിയാലോച്ച് രാഷ്ട്രപതിക്ക് പേരുമാറ്റാനുള്ള അധികാരം നല്‍കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ പിന്നീട് ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.