സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി


ന്യൂദല്‍ഹി: സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. ശബരിമല സന്നിധാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയില്‍ അന്നദാനം നടത്തുന്നതില്‍ സന്നദ്ധ സംഘടനകളെ ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് നേരിട്ട് തന്നെ അന്നദാനം നടത്തിയാല്‍ മതിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതിനെ ചോദ്യം ചെയ്താണ് സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഭക്തര്‍ക്ക് സേവനം നല്‍കണമെന്ന് താത്പര്യമുള്ള സംഘടനകള്‍ക്ക് ദേവസ്വം ബോര്‍ഡിന് ഫണ്ട് നല്‍കാവുന്നതാണ്. ഭക്ഷണം നല്‍കാന്‍ അനുമതി തേടി ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഈ വര്‍ഷം അന്നദാനം, ജല വിതരണം എന്നിവ നടത്താന്‍ അഖില ഭാരത അയ്യപ്പ സേവാസംഘം, ശ്രീ ഭൂതനാഥ ധര്‍മസ്ഥാപനം ട്രസ്റ്റ്, ശബരിമല അയ്യപ്പ സേവാസമാജം എന്നിവയ്ക്കാണ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയത്. സംഘടനകള്‍ നടത്തുന്ന അന്നദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെയും മേല്‍നോട്ടത്തിലാവണം.

വിതരണം ചെയ്യുന്ന വെള്ളവും ഭക്ഷണവും ആവശ്യമെങ്കില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed