ഹിന്ദു അവകാശപത്രിക പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ വഞ്ചിച്ചു: ശശികല ടീച്ചര്‍

തിരുവനന്തപുരം: ഹിന്ദു അവകാശപത്രിക പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. രാഷ്ട്രീയക്കാരന്റെ പതിവ് വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നത്തിയത്. അവകാശ പത്രിക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
മുന്നാക്കപിന്നാക്ക, പട്ടികജാതി പട്ടികവര്‍ഗ്ഗ, തീരദേശ, ക്ഷേത്ര,ആഭ്യന്തര സുരക്ഷാ വിഷയങ്ങളില്‍ 29 ഇനങ്ങളും 2013 ലെ ആദ്യഘട്ട ചര്‍ച്ചയില്‍ തീര്‍പ്പാകാത്ത കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ 2012ല്‍ നല്‍കിയ അവകാശ പത്രികയിലെ ഒരുകാര്യം പോലും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ മാസങ്ങളോളം ചര്‍ച്ചചെയ്ത് സമര്‍പ്പിച്ച 200ല്‍ അധികം ആവശ്യങ്ങളടങ്ങിയ അവകാശപത്രികയെ അവഗണിച്ചതിലൂടെ ഹൈന്ദവ സമൂഹത്തെയാകെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണെന്നും ശശികല ടീച്ചര്‍ ആരോപിച്ചു.