ഓണാഘോഷതിമിർപ്പിൽ മലയാളികൾ


ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും ആയി ലോകത്തെവിടെയായാലും മലയാളിയുടെ ഓണാഘോഷത്തിന് മാറ്റുകുറയുന്നില്ല. മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത കാര്യമാണ് പൂക്കളം ഇടൽ. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ പൂക്കളങ്ങളൊരുക്കി മലയാളി കാത്തിരിക്കും. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ, ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം.

പൂക്കളം പോലെ ഓണത്തിന് ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ് മഹാബലിയെ എതിരേല്‍ക്കുന്നതും ഓണസദ്യയുമെല്ലാം. കുരവയിടലും ആർപ്പോ വിളിയുമായി അതിരാവിലെ ഓണത്തപ്പനെ വരവേല്‍ക്കുന്നതോടെ അന്നത്തെ ആഘോഷം ആരംഭിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാ ചേർന്നുള്ള ഒത്തുകൂടലിന് മാറ്റുകൂട്ടുന്നതാണ് ഓണസദ്യയും. നാക്കിലയിൽ കാളൻ, ഓലൻ, എരിശ്ശേരി, സാമ്പാർ, അവിയൽ, ഉപ്പിലിട്ടത്, പപ്പടം, പഴം, പായസം എല്ലാം കൂടിയ സദ്യ ഇല്ലാതെ ഓണം പൂർണ്ണമാകില്ല.

പ്രവാസലോകത്തും ഓണം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ഗൾഫ് നാടുകളിൽ ഇന്ന് ജോലി ദിനമായതിനാൽ പലരും ഓണാഘോഷപരിപാടികൾ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. മലയാളി ഉള്ളിടത്തെല്ലാം ഉള്ള ഓണത്തിന്റെ ഈ നാളിൽ ഏവർക്കും ഫോർ പിഎമിന്റെ ഓണാശംസകൾ.

article-image

aa

You might also like

Most Viewed