മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിലും തിരിച്ചടി


മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സുപ്രീം കോടതിയില്‍ തിരിച്ചടി. നരഹത്യാക്കുറ്റം നിലനില്‍ക്കും എന്ന ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വേഗതയില്‍ വാഹനമോടിച്ചത് നരഹത്യ ആകില്ലെന്ന ശ്രീറാമിന്‍റെ വാദം കോടതി തള്ളി. തെളിവുകള്‍ നിലനില്‍ക്കുമൊ എന്ന് വിചാരണയില്‍ പരിശോധിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. നേരത്തെ വിചാരണകോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ് നിയമം. എന്നാല്‍ കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രതിയുടെ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു സെഷന്‍സ് കോടതി നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ടത്.

എന്നാല്‍ അപകടത്തിന് തൊട്ടുപിന്നാലെ രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഡോക്ടറായ ശ്രീറാം തെളിവുനശിപ്പിക്കാനാണ് ഇത് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. സെഷന്‍സ് കോടതി വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം.

article-image

adsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed