കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്‍റെ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍


മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. നരഹത്യാക്കുറ്റം നിലനില്‍ക്കും എന്ന ഹൈക്കോടതി വിധിക്കെതിരേയാണ് ഹര്‍ജി. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ മദ്യത്തിന്‍റെ അംശമില്ല. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ഇത് സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിന്‍റെ വാദം.

കേസില്‍ ഒന്നാംപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. നേരത്തെ വിചാരണകോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ് നിയമം. എന്നാല്‍ കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രതിയുടെ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു സെഷന്‍സ് കോടതി നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്ന് ഉത്തരവിട്ടത്.

എന്നാല്‍ അപകടത്തിന് തൊട്ടുപിന്നാലെ രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഡോക്ടറായ ശ്രീറാം തെളിവുനശിപ്പിക്കാനാണിത് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. സെഷന്‍സ് കോടതി വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം.

article-image

SDADSADSS

You might also like

  • Straight Forward

Most Viewed