പുതുപള്ളിയിലെ പിരിച്ചുവിടൽ വിവാദം; സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചെന്ന് പരാതി നൽകി ലിജിമോൾ


പുതുപള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പിരിച്ചുവിട്ട താൽകാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരേ പരാതിയുമായി കെ.സി. ലിജിമോൾ. വ്യാജരേഖ ചമച്ചാണ് സതിയമ്മ ജോലി നേടിയെടുത്തതെന്നും നൽകിയിരിക്കുന്ന രേഖകളിലെ ഒപ്പ് തന്‍റേതല്ലെന്നും ലിജിമോൾ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് ലിജിമോൾ പരാതി നൽകി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിനൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് ലിജിമോൾ സതിയമ്മയ്ക്കെതിരേ പരാതിയുമായി എത്തിയത്. താനിപ്പോൾ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സമൂഹമാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് തന്‍റെ പേരിൽ സതിയമ്മ ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്. ലിജിമോളുടെ ജോലി സതിയമ്മ ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു സർക്കാർ പുറത്തുവിട്ട രേഖ. സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുതെന്നും വിശദീകരിച്ച് മന്ത്രി ചിഞ്ചുറാണി രംഗത്തെത്തിയിരുന്നു. എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്‍റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് ലിജിമോൾ രംഗത്ത് വന്നത്. തന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്‍റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. പുതുപ്പള്ളി സ്വദേശിനിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.11 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന് സതിയമ്മ പ്രതികരിച്ചു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്.

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed