വെട്ടിയ വാഴയ്ക്ക് വിലയിട്ട് കെഎസ്ഇബി

തിരുവനന്തപുരം: ഇടുക്കി- കോതമംഗലം 220 കെവി ലൈനിനു കീഴിലെ വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെഎസ്ഇബി. മൂന്നര ലക്ഷം രൂപ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകും. ഇന്ന് കൃഷി വകുപ്പിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തുക പ്രഖ്യാപിച്ചത്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപുറം തോമസിന്‍റെ അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒമ്പത് മാസം പ്രായമായ 406 വാഴകളാണു കെഎസ്ഇബി ഉദ്യോഗസ്ഥർ നശിപ്പിച്ചത്.
ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. ഏതാനും ദിവസത്തിനുള്ളില്‍ വെട്ടിവില്‍ക്കാന്‍ പാകമായ കുലകളാണ് ഉപയോഗശൂന്യമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മൂലമറ്റത്തുനിന്നെത്തിയ കെഎസ്ഇബി ജീവനക്കാര്‍ വാഴകള്‍ വെട്ടിനീക്കിയത്. ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതരെത്തി വാഴ വെട്ടിയതെന്ന് പറയുന്നു.
a