ആലുവ സംഘം അഞ്ഞൂറോളം യുവതികളെ വിദേശത്തേക്കു കടത്തിയതായി സൂചന


നഗരത്തിലെ വിവിധ ലോഡ്ജുകളിൽ ദുരൂഹ സാഹചര്യത്തിൽ തമ്പടിച്ചിരുന്ന ഇതര സംസ്ഥാന യുവതികളെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി റൂറൽ ജില്ലാ പോലീസ്. ഒരു മാസത്തിനുള്ളിൽ അഞ്ഞൂറോളം യുവതികൾ വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് സൂചന. വിവിധ ലോഡ്ജുകളിൽ ഇപ്പോഴും ഊഴം കാത്തു യുവതികൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലുവയിലെ ഇരുപതോളം ലോഡ്ജുകളിൽ നടത്തിയ റെയ്ഡിൽ വിദേശയാത്രക്കായെത്തിയ ഒട്ടേറെ യുവതികള കണ്ടെത്തുകയായിരുന്നു.  മനുഷ്യക്കടത്തെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്. ആന്ധ്രപ്രദേശിൽനിന്നുള്ള 30നും 40നും ഇടയിലുള്ള യുവതികളാണ് വിദേശത്തേക്കു കടക്കാൻ കൂടുതലും എത്തുന്നത്.  

ട്രെയിൻ മാർഗം ആലുവയിലെത്തുന്ന സംഘത്തെ മലയാളി ഏജന്‍റുമാർ നഗരത്തിലെ വാടക കുറഞ്ഞ ലോഡ്ജുകളിൽ താമസിപ്പിക്കാറാണ് പതിവ്. കോവിഡ് ടെസ്റ്റടക്കമുള്ള യാത്രാരേഖകൾ പൂർത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനകം നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളം വഴി വിദേശത്തേക്കയയ്ക്കും. വീട്ടുജോലിക്ക് എന്ന പേരിൽ പോകുന്നവരാണ് സംഘത്തിലധികവും. മറ്റു വിമാനത്താവളങ്ങളിൽ യാത്രാനുമതി ലഭിക്കാത്തതു കൊണ്ടാണ് സംഘം നെടുമ്പാശേരി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടം കേന്ദ്രീകരിച്ചു വിമാനത്താവളവുമായി ബന്ധപ്പെട്ട ചിലരുടെ സഹായവും സംഘത്തിനു ലഭിക്കുന്നുണ്ടെന്നാണ് സൂചന. ലോഡ്ജുകളിലെ റെയ്ഡിൽ അസ്വാഭാവികതയൊന്നും കണ്ടെത്താത്തതിനാൽ ആർക്കെതിരേയും പോലീസ് കേസെടുത്തിട്ടില്ല. നേരത്തെ മുനമ്പം വഴി മനുഷ്യക്കടത്തിനായി ആലുവയിൽ തമ്പടിച്ച ശ്രീലങ്കൻ വംശജരെ ലോഡ്ജുകളിൽനിന്നു പോലീസ് പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പെഷൽ ബ്രാഞ്ച് യുവതികളുടെ കൂട്ടത്തോടെയുള്ള വരവ് നിരീക്ഷിക്കാൻ തുടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed