ശാശ്വതീകാനന്ദ മുങ്ങിമരിച്ചതാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: 2002 ജൂലായ് ഒന്നിനാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ചനിലയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. സ്വാമിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പോലീസാണ്. 2003ല്‍ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചെങ്കിലും അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. കുളിക്കിടയില്‍ തളര്‍ച്ച ബാധിച്ച് സ്വാമി മുങ്ങിപ്പോവുകയും മരിക്കുകയുമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കൊലപാതക സാധ്യതയിലേക്കെത്തുന്ന തെളിവൊന്നും കിട്ടിയില്ല.
മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടിയത്.വാടകക്കൊലയാളിയെന്ന് ബിജുരമേശ് പറയുന്ന പ്രിയനെ മുമ്പ് രണ്ടുതവണ ചോദ്യംചെയ്‌തെങ്കിലും സ്വാമിയുടെ മരണവുമായി അയാളെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രിയന്റെ ഫോണ്‍വിളികള്‍ അയാളറിയാതെ മൂന്നുമാസം നിരീക്ഷിച്ചതായും ക്രൈംബ്രാഞ്ച് പറയുന്നു.