രാജ്യാന്തര ചലച്ചിത്രോൽസവം ഡിസംബർ ഒന്നുമുതൽ 11 വരെ


തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ നാലു മുതൽ 11 വരെ നടക്കും. ഐഎഫ്എഫ്കെ 2015> ഒൻപതു മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടെണ്ണം മത്സര വിഭാഗത്തിലും ഏഴെണ്ണം ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലുമായിരിക്കും പ്രദർശിപ്പിക്കുക.

മത്സരവിഭാഗത്തില്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍,സതീഷ് ബാബുസേനന്‍ സന്തോഷ് ബാബുസേനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്നീ സിനിമകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘ഐൻ’, ഡോ. ബിജുവിന്റെ ‘വലിയ ചിറകുള്ള പക്ഷികൾ’, സലീം അഹമ്മദിന്റെ ‘പത്തേമാരി’, സനൽകുമാർ ശശിധരന്റെ ‘ഒഴിവു ദിവസത്തെ കളി’, വി.കെ. പ്രകാശിന്റെ ‘നിർണായകം’, ആർ.എസ്. വിമലിന്റെ ‘എന്ന് നിന്റെ മൊയ്തീൻ’, ആർ. ഹരികുമാറിന്റെ ‘കാറ്റും മഴയും’ എന്നിവ പ്രദർശിപ്പിക്കും.

അതേസമയം എന്ന് നിന്റെ മൊയ്തീന്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാനില്ലെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞു. 

മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുന്നതിന് വേണ്ടിയാണ് ചിത്രം അയച്ചത് എന്നാല്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സാര്‍വ്വലൗകികമായ ഒരു പ്രമേയാണ് എന്ന് നിന്റെ മൊയ്തീന്‍ കൈകാര്യം ചെയ്തത്. കലാസൃഷ്ടി എന്ന നിലയില്‍ സിനിമയുടെ അവതരണം  പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസ ഒരു പോലെ നേടിയതാണ്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം മത്സര വിഭാഗത്തില്‍ അല്ലാതെ പ്രദര്‍ശനത്തിന് നല്‍കുന്നതില്‍ താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

മറ്റൊരു വിഭാഗത്തിൽ‍ ഉൾ‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്നും വിമൽ വ്യക്തമാക്കി.

സിനിമ നൽ‍കുന്ന സംവിധായകർ‍ ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ച് പത്രങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്നത് ഗതികേടാണെന്നും വിമൽ‍ കുറ്റപ്പെടുത്തി.

അതിനിടെ ചലച്ചിത്രമേളയുടെ ലക്ഷ്യം എന്താണെന്ന് മറന്ന് വിനോദ സിനിമകള്‍ക്കുള്ള ഇടമാക്കി മാറ്റിയെന്ന ആക്ഷേപവുമായി വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയുടെ സംവിധായകൻ ഡോ.ബിജുവും രംഗത്തെത്തി. ലോകത്തെ പല മേളകളിലായി മത്സരവിഭാഗത്തിന് ഉള്‍പ്പെടെ തന്റെ ചിത്രം പരിഗണിക്കപ്പെട്ടിട്ടും ആറാം തവണയും കേരളാ മേള പടിക്ക് പുറത്ത നിര്‍ത്തിയെന്ന് ഡോ.ബിജു പ്രതികരിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഡോ.ബിജുവിന്റെ പുതിയ ചിത്രം വലിയ ചിറകുള്ള പക്ഷികള്‍ ഐഎഫ്എഫ്‌കെയില്‍ മലയാള സിനിമ ഇന്ന് എന്ന കാറ്റഗറിയിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

 

ലോകത്തിലെ വിവിധ ചലച്ചിത്രമേളകളിലേക്ക തെരഞ്ഞെടുക്കാവുന്ന നിലവാരമുള്ള മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരം പ്രേക്ഷകരെ വിനോദിപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടുളള സിനിമകളാണ് ഇത്തവണ കൂടുതലായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഡോ.ബിജു കുറ്റപ്പെടുത്തി.

You might also like

  • Straight Forward

Most Viewed