ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം


ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ അനുവദിച്ച മൂന്ന് ദിവസത്തെ ഇളവ് ഇന്ന് അവസാനിക്കുന്നതിനാൽ വിഷയത്തിൽ ഇടപെടുന്നില്ല. അല്ലായിരുന്നെങ്കിൽ ഇളവ് റദ്ദ് ചെയ്യുമായിരുന്നുവെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശം കേരളം നിഷേധിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. തീവ്രവ്യാപന മേഖലയായ ഡി കാറ്റഗറിയിൽ എന്തിന് ഇളവ് നൽകിയെന്നും ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത സ്ഥിതി ദയനീയമാണെന്നും കോടതി വിമർശിച്ചു.

നിലവിലെ ഇളവുകൾ കൊണ്ട് സ്ഥിതി രൂക്ഷമായാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് റോഹിംഗ്ടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഡൽഹി മലയാളിയായ പി.കെ.ഡി. നന്പ്യാരാണ് ബക്രീദ് ഇളവുകൾ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാനത്തോട് വിശദീകരണം നൽകാൻ കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ചാണ് ഇളവ് നൽകിയതെന്നാണ് കേരളം കോടതിയെ ബോധിപ്പിച്ചത്. വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി‌യും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല.

You might also like

Most Viewed