അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിഡിജെഎസ്; തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ല

എറണാകുളം: ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പളളി ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല. കുട്ടനാട്ടിൽ സിപിഐയിൽ നിന്ന് രാജി വെച്ച തന്പി മേട്ടുതറയും കോതമംഗലത്ത് ഷൈൻ കെ കൃഷ്ണനുമാണ് സ്ഥാനാർത്ഥികൾ. നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അവസാനഘട്ട പട്ടിക പ്രഖ്യാപിച്ചത്. ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച ഭരത് കൈപ്പാറേടൻ പകരമായി എൻ. ശ്രീനിവാസൻ നായർ മത്സരിക്കും. സ്ഥാനാർത്ഥിക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇയാളെ മാറ്റിയത്. അതേസമയം ഉടുന്പഞ്ചോല സീറ്റിൽ സന്തോഷ് മാധവൻ മത്സരിക്കും.
ആദ്യ മൂന്ന് ഘട്ട സ്ഥാനാർത്ഥി പട്ടികയിലും കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നില്ല. ഉടുന്പൻചോലയിൽ സന്തോഷ് മാധവനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തവനൂരിൽ രമേശ് കോട്ടായിപ്പുറം, വാമനപുരത്ത് തഴവ സഹദേവൻ, ഇരവിപുരത്ത് രഞ്ജിത്ത് രവീന്ദ്രൻ, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ എന്നിവരാണ് മത്സരിക്കുക. മൂന്ന് ഘട്ടങ്ങളിലായി 18 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്. പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ എബി ജയപ്രകാശ്, ചാലക്കുടിയിൽ ഉണ്ണികൃഷ്ണൻ ചാലക്കുടി, നെന്മാറയിൽ അനുരാഗ് എഎൻ എന്നിവരാണ് രണ്ടാം ഘട്ട പട്ടികയിൽ ഉണ്ടായിരുന്നവർ.