കോൺഗ്രസ് നേതൃത്വം ഇഷ്ടക്കാരെ സ്ഥാനാർഥി പട്ടികയിൽ തിരുകി കയറ്റിയെന്ന ആരോപണവുമായി കെ. സുധാകരൻ

കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എംപി. കെ. സുധാകരൻ. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നത് ഇഷ്ടത്തോടെയല്ലെന്നും ഈ സ്ഥാനത്ത് തുടരുന്നത് പാർട്ടിക്ക് മുറിവേൽക്കാതിരിക്കാനാണെന്നും സുധാകരൻ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിർന്ന നേതാവ് ഉമ്മൻചാണ്ടി എന്നിവരുടെ ഇഷ്ടക്കാരെ സ്ഥാനാർഥി പട്ടികയിൽ തിരുകി കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർഥി പട്ടിക വന്നപ്പോൾ പ്രത്യാശ നഷ്ടമായി. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. മട്ടന്നൂർ സീറ്റ് ആർഎസ്പിക്ക് നൽകിയത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഘടകകക്ഷികൾ കോൺഗ്രസിന്‍റെ തലയിൽ കയറുന്ന അവസ്ഥയുണ്ടാകരുത്. ഘടക കക്ഷികളെ നിയന്ത്രിക്കുന്നവരാകണം കെപിസിസി നേതൃത്വത്തിലുണ്ടാകേണ്ടതെന്നും സുധാകരൻ പറഞ്ഞു.
തീരുമാനമെടുക്കുന്ന നേതാക്കന്മാരുടെ ഭാഗത്താണ് പ്രശ്‌നം. ഞങ്ങളുടെ പ്രവർത്തനങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാത്ത സമീപനമാണ് സ്ഥാനാർഥി നിർണയത്തിലുണ്ടായത്. ഗോപിനാഥിന്‍റെ പ്രശ്‌നം പരിഹരിക്കാന്‍ തുടക്കത്തിൽ തന്നെ സാധിക്കുമായിരുന്നു. അതിന് മെനക്കെടാൻ നേതൃത്വത്തിന് സമയമില്ല. ലതികാ സുഭാഷിന്‍റെ വികാരത്തോട് എല്ലാവരും ഐക്യപ്പെട്ടു. അവരുടെ ആവശ്യം ന്യായമാണെന്ന തോന്നൽ എല്ലാ പ്രവർത്തകരിലുമുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.