സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം: ഹേമ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി


തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നുവെന്നാണ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട്. അവസരത്തിനായി കിടപ്പറ പങ്കിടാന്‍ ചിലര്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് നടിമാര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പരിഹാരമുണ്ടാകൂ. അതിനായി ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.  കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നല്‍കണം. മലയാള സിനിമയില്‍ അഭിനേതാക്കളെ തീരുമാനിക്കാന്‍ സ്വാധീനമുള്ള ലോബിയുണ്ടെന്നും ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും ഇവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിനിമയില്‍ അവസരം നല്‍കുന്നതിന് പകരമായി കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍മാരുണ്ടെന്ന് ചില നടിമാര്‍ കമ്മീഷന് മൊഴി നല്‍കി. എന്നാല്‍ നല്ല സ്വഭാവമുള്ള പുരുഷന്‍മാരും സിനിമയിലുണ്ടെന്ന് നടിമാരെ ഉദ്ധരിച്ച് 300 പേജുള്ള റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് അനുബന്ധ രേഖകളും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി ഓഡിയോ, വീഡിയോ ക്ലിപ്പുകളും സ്‌ക്രീന്‍ ഷോട്ടുകളും അടങ്ങിയ പെന്‍ഡ്രൈവും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങര്‍ പഠിക്കാന്‍ സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചത്. പ്രമുഖ നടി ശാരദയും വത്സലാ കുമാരി ഐ.എ.എസുമായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. ഇവരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ കൈമാറി. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed