സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല: വ്യാജ പ്രചാരണമെന്ന് സർക്കാർ


തിരുവനന്തപുരം: അധികൃതമായി പിടിയിലാകുന്ന വിദേശ തടവുകാരെ പാർപ്പിക്കാൻ കേരളത്തിലും തടങ്കൽ പാളയം നിർമ്മിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളെ തള്ളി സർക്കാർ. കേരളത്തിൽ തടങ്കൽ പാളയങ്ങൾ തുടങ്ങാൻ തീരുമാനമില്ലെന്നും ഇതുമായി പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ സർക്കാർ തുടങ്ങിവച്ച നടപടിക്രമങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണ്. ഏഴു വർഷം മുന്പ് കേന്ദ്രസർക്കാരിൽ നിന്ന് നിർദ്ദേശം വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഈ മന്ത്രിസഭയിലെ ആരും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരസഹമന്ത്രി ആയിരുന്നപ്പോൾ നിർദ്ദേശം വന്നിരുന്നുവെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഫയൽ സാമൂഹ്യനീതി വകുപ്പിലാണ്. 

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ഫയലിൽ നിർദ്ദേശം എടുത്തിട്ടില്ല. മതപരമായ വിവേചനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് വിവാദമാകുന്നതിനിടെയാണ് കേരളവും ഇത്തരമൊരു നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നത്. സാമൂഹ്യനീതി വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. വിദേശ തടവുകാരുടെ എണ്ണം ശേഖരിച്ച ശേഷമായിരിക്കും പുതിയവ നിർമ്മിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

You might also like

Most Viewed