ടി.പി അനുസ്മരണത്തിൽ കാനം രാജേന്ദ്രൻ പങ്കെടുക്കില്ല: സി.പി.എം വിലക്കിയതായി ആർ.എം.പി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിന് സിപിഐ അടക്കമുള്ള ഘടകകക്ഷികളെ വിലക്കി സിപിഎം. ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മറ്റ് നേതാക്കളും പരിപാടിയിൽ നിന്ന് പിന്മാറി. സിപിഎം ആവശ്യപ്പെട്ടെന്ന് പിന്മാറിയതെന്ന് കാനം പറഞ്ഞതായും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു വെളിപ്പെടുത്തി. ജനുവരി രണ്ടിന് ഓർക്കാട്ടേരിയിൽ നടക്കുന്ന അനുസ്മരണ പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഓർക്കാട്ടേരിയിൽ മൂന്ന് നിലകളിലായി പണിപൂർത്തിയായ ടി.പി ഭവൻ എന്ന് പേരിട്ടിരിക്കുന്ന സ്മാരകത്തിന്‍റെ ഉദ്ഘാടനം ആർ.എം.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി മാംഗത്റാം പസ്ല നിർവ്വഹിക്കും. നിരവധി രാഷ്ട്രീയ− സാംസ്കാരിക നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനകീയ പരിപാടിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ സി.പി.എം ഭീഷണിപ്പെടുത്തി ഘടകകക്ഷികളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നും എൻ .വേണു പറഞ്ഞു.