25കാരൻ 15 കോടി ആസ്തിയുള്ള 48കാരിയെ വിവാഹം കഴിച്ചു, പ്രചാരണങ്ങളെക്കുറിച്ച് നവദമ്പതികൾ പറയുന്നത്

കണ്ണൂർ: ചെറുപുഴയിൽ നടന്ന ഒരു കല്യാണം പരിഹാസമുഖേന സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുകയാണ.് വധുവിന് പ്രായം 48, വരൻ 25, പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണവും 50 ലക്ഷം രൂപയും സ്ത്രീധനം’... കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാചകങ്ങളാണിവ. അനൂപ് സെബാസ്റ്റ്യനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിന്റെ പരസ്യം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാചകങ്ങളാണിത്. വ്യാജപ്രചാരണങ്ങൾക്ക് ഏറ്റവുംകൂടുതൽ മാർക്കറ്റ്് ഇന്ന് സോഷ്യൽ മീഡിയയിലാണ്. പലരും കഥയറിയാതെ വീണ്ടും വീണ്ടും ഷെയർ ചെയ്തു. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്ത് കണ്ടാണ് വരൻ വിവാഹത്തിന് തയ്യാറായതെന്നുമുള്ള കമന്റുകളോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്.
ഇത്തരം വ്യാജ വാർത്തകൾ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. വീട്ടുകാരുടെ സമ്മതത്തോടെ നിയമാനുസൃതം പള്ളിയിൽ വച്ച് വിവാഹിതരായ ദമ്പതിമാർക്കാണ് ഈ നുണപ്രചരണം നേരിടേണ്ടിവന്നത്. ജൂബിയെക്കാൾ രണ്ട് വയസ് കൂടുതലുണ്ട് അനൂപിന്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ പ്രണയബദ്ധരായ അനൂപും ജൂബിയും ഫെബ്രുവരി 4-ാം തീയതി വിവാഹിതരാകുകയായിരുന്നു. ചെറുപുഴയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ചെമ്പൻ തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.
സോഷ്യൽമീഡിയ പ്രചരണം അതിരുവിട്ടതോടെ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോ പൈലറ്റായ അനൂപ്. ഇരുവരും ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. തങ്ങളെ പറ്റി പല കഥകൾ ആളുകൾ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഃഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറയുന്നു. തങ്ങൾ ആരെയും ദ്രോഹിക്കാൻ വരുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായി അനൂപിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.