പ്രതിപക്ഷ ബഹളം : നിയമസഭ തുടര്‍ച്ചയായ രണ്ടാം ദിവസവും പിരിച്ചുവിട്ടു

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതോടെ നിയമസഭ തുടര്‍ച്ചയായ രണ്ടാം ദിവസവും പിരിച്ചുവിട്ടു. ചോദ്യോത്തരവേള റദ്ദാക്കുകയും സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കലും വെട്ടിച്ചുരുക്കുകയും ചെയ്തു. രണ്ടു ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു. 21 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.
ശബരിമലയിലെ സൗകര്യക്കുറവു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തള്ളിയതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. വിഷയം ഇന്നലെ വിശദമായി ചർച്ച ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും ചോദ്യോത്തരവേള റദ്ദു ചെയ്തു ചർച്ച വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കറുടെ ഡയസ്സിനു മുന്നിൽ വരെയെത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധം തുടരുന്നതു ശരിയല്ലെന്നു സ്പീക്കർ നിലപാടെടുത്തപ്പോൾ ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നു പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളും സ്പീക്കറും തമ്മിൽ വാക്കുതർക്കവുമുണ്ടായി. പ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.