യാത്രക്കാർക്ക് ജെറ്റ് എയർവേസിൽ വിഷുസദ്യ

നെടുന്പാശേരി : ഇന്നലെ കേരളത്തിൽനിന്ന് അകത്തേക്കും പുറത്തേക്കും ജെറ്റ് എയർവേസിന്റെ തിരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ യാത്ര ചെയ്തവർക്ക് വിഷു സദ്യ വിളന്പി. ജെറ്റ് എയർവേസിന്‍റെ ഷെഫുകൾ തയ്യാറാക്കിയ വിഭവങ്ങളാണ് ജെറ്റ് എയവേസ് വിമാനങ്ങളിലെ പ്രീമിയർ, എക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്തത്.
പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് ബ്രേക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നീ വേളകളിൽ സ്പെഷൽ ഡിഷുകൾ നൽകി. ബ്രേക് ഫാസ്റ്റിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്സ് എന്നീ വിഭവങ്ങളാണ് വിളന്പിയത്. ഉച്ചയ്ക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച, കറിവേപ്പിലയും കടുകും ചേർത്ത പച്ചക്കറി കറികൾ, ചന്പ അരി, മത്തങ്ങ കറി, പച്ചടിയും, മൂന്ന് നേരവും പ്രത്യേകമായി പായസവും യാത്രക്കാർക്ക് നൽകി. ജെറ്റ് എയവേസിലെ വിഷു സദ്യ കഴിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.