കാർഷിക കടങ്ങൾ എഴുതിത്തള്ളണം : യോഗേന്ദ്ര യാദവ്

പാലക്കാട് : ദേശസാൽകൃത ബാങ്കുകളിലെയും സ്വകാര്യബാങ്കുകളിലെയും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് സ്വരാജ് അഭിയാന്റെ സ്വരാജ് ഇന്ത്യ കൺവീനർ യോഗേന്ദ്ര യാദവ്.അഖിലേന്ത്യാ കിസാൻ സംഘർഷ് കോ−ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന കിസാൻമുക്തി യാത്രയ്ക്ക് പാലക്കാട്ട് നൽകിയ സ്വീകരണത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു േയാഗേന്ദ്രയാദവ്.
കർഷകരുടെ പ്രശ്‌നങ്ങൾ എന്താണെന്ന് കൃത്യമായി സർക്കാരിന് അറിയാമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പൊടിപിടിച്ചുകിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കർഷകരും ഉപഭോക്താക്കളും വ്യാപാരികളുംതമ്മിൽ പരസ്പര െഎക്യമുണ്ടാകണമെന്നും അപ്പോൾ വിഷമുക്തമായ പച്ചക്കറികൾ നൽകാൻ കൃഷിക്കാരും ശ്രദ്ധിക്കുമന്നും അദ്ദേഹം വ്യക്തമാക്കി.കേരളം മലബാർ ലഹളപോലുള്ള കർഷകസമരങ്ങൾ നയിച്ച സംസ്ഥാനമാണ്. നവംബർ 20ന് ന്യൂഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധറാലിയ്ക്ക് കേരളത്തിൽനിന്ന് വലിയ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നരേന്ദ്രമോഡി സർക്കാർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചാണ് താൻ എൻ.ഡി.എ. സഖ്യത്തിൽ ചേർന്നതെന്നും എന്നാൽ മോഡി കർഷകരെ വഞ്ചിക്കുകയായിരുന്നുവെന്നും രാജു ഷെട്ടി എം.പി. പറഞ്ഞു. അടുത്ത തിരഞ്ഞടുപ്പിൽ മോഡിക്കെതിരായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടമൈതാനത്ത് നടന്ന സ്വീകരണയോഗം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. കർഷകസംഘം കോ−ഓർഡിനേഷൻ ജില്ലാ ചെയർമാൻ എ.എസ്. ശിവദാസ് അദ്ധ്യക്ഷനായി. മറ്റ് പ്രമുഖർ പങ്കെടുത്തു. ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട കിസാന്‍മുക്തി യാത്ര കർണാടകയിൽ സമാപിക്കും.