ആലപ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു

പൂച്ചാക്കൽ : ആലപ്പുഴ ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലാണ് രോഗം പടന്നു പിടിക്കുന്നത്. കഴിഞ്ഞ മാസം പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.അരൂക്കുറ്റി, തൈക്കാട്ടുശേരി ഗവ. ആശുപത്രികളിലും പനി പിടിപെട്ട് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളിൽ വരുത്തിയ വീഴ്‌ചയാണ് രോഗഭീതി ഇത്രത്തോളം ഉയരാൻ കാരണമായത്. പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തെക്കേ ആലത്തൂരിൽ നളിനി പനി ബാധിച്ചു മരണമടഞ്ഞിരുന്നു. പാണാവള്ളി പഞ്ചായത്ത് പൂച്ചാക്കൽ ജെട്ടി പ്രദേശങ്ങളിൽ നിരവധി പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ചതുപ്പ് പ്രദേശമായ ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമായി. നാട്ടുകാരുടെ നിരന്തമുള്ള പരാതിയെ തുടർന്ന് പ്രദേശത്ത് ബ്ലീച്ചിംഗ പൗഡർ വിതറിയെങ്കിലും ഫലമുണ്ടായില്ലെന്ന് വിമർശനമുണ്ട്.
തീരദേശ മേഖലയായ കുടപുറം, വടുതല ജെട്ടി, ഉളവെയ്‌പ്പ് എന്നിവിടങ്ങളും പകർച്ചപ്പനി ഭീഷണിയിലാണ്. പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസേന ഇരുനൂറോളം രോഗികളാണ് പനി ബാധിച്ച് ചികിത്സയ്‌ക്കായി എത്തുന്നത്. ഇവിടെയെത്തുന്ന രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇവിടങ്ങളിൽ കിടത്തിച്ചികിത്സയുണ്ടെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം രോഗികൾ വലയുകയാണ്. പള്ളിപ്പുറം ഹെൽത്ത് സെന്ററിലും പ്രതിദിനം മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്നു. രോഗികൾ ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായി പരാതിയുണ്ട്.