ക്ഷേമപദ്ധതികളിൽ അംഗമാകാത്തവർക്ക് സാമൂഹ്യസുരക്ഷാ ബോർഡിൽ അംഗമാകാം

കൊല്ലം : പ്രത്യേക ക്ഷേമപദ്ധതികളിൽ അംഗമാകാത്തവർക്ക് സാമൂഹ്യസുരക്ഷാ ബോർഡിൽ അംഗമാകാമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ.നിലവിൽ സംസ്ഥാനത്ത് 16 ക്ഷേമ ബോർഡുകളുണ്ട്. അസംഘടിത മേഖലകളിലുള്ളവർക്കുള്ളതാണ് സാമൂഹ്യസുരക്ഷാ ബോർഡെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സി.കേശവൻ സ്മാരക ടൗൺഹാളിൽ ഓൾ കേരളാ ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) സ്വയംസഹായസംഘങ്ങളുടെ മൂന്നാമത് വാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു − സ്വകാര്യമേഖലകളിലും രാജ്യത്തിന് പുറത്തും തൊഴിൽ പരിശീലനം നടത്തുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പ്രവർത്തിക്കുന്ന എംപ്ലോയിബിലിറ്റി സെന്ററുകൾ വഴി കരിയർ ഗൈഡൻസ് സെന്ററുകൾ സ്ഥാപിക്കും. തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം കാലോചിതമായി പരിഷ്കരിക്കണം. തയ്യൽ തൊഴിലാളികൾക്കായി സംഘടന പുതിയ തൊഴിൽ പരിശീലനം തുടങ്ങണം. സർക്കാരിന് മുന്നിൽ പദ്ധതികൾ സമർപ്പിച്ചാൽ ഗവ. സർട്ടിഫിക്കറ്റ് നൽകും. ആധുനിക തയ്യൽ രീതികൾ സ്വാംശീകരിക്കാൻ എ.കെ.ടി.എ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.