രാമലീല: ജി.പി.രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് സിനിമാ സംഘടനകളുടെ പരാതി

തിരുവനന്തപുരം: ‘രാമലീല’ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി. രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിവിധ സിനിമാ സംഘടനകളുടെ പരാതി. തിയറ്റർ ഉടമകൾ, ഫിലിം ചേന്പർ, നിർമ്മാതാക്കൾ എന്നിവരുടെ സംഘടനകളാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സമിതിയിൽനിന്നു രാമചന്ദ്രനെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. കലാപത്തിന് ആഹ്വാനം നൽകുന്നതിന് തുല്യമാണ് തിയേറ്ററുകൾ തകർക്കുക എന്ന ആഹ്വാനത്തിലൂടെ രാമചന്ദ്രൻ നടത്തിയിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.