കോടിയേരിക്കും ജയരാജന്മാർക്കും ആർ.എസ്.എസ് ഭീഷണിയെന്ന് ഇന്റലിജൻസ്

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർട്ടിനേതാക്കളായ പി. ജയരാജൻ, ഇ.പി ജയരാജൻ എന്നിവരുടെ ജീവന് ഭീഷണി നിലനിൽക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കോടിയേരിക്കും ഇ.പി ജയരാജനും ആർ.എസ്.എസിന്റേയും പോപ്പുലർ ഫ്രണ്ടിന്റേയും ഭീഷണിയാണുള്ളത്. അതിനാൽ കോടിയേരിക്ക് ഇപ്പോഴുള്ള ഇസഡ് കാറ്റഗറി സുരക്ഷയും ജയരാജന് എക്സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് ഇന്റലിജൻസ് എ.ഡി.ജി.പി മുഹമ്മദ് യാസിൻ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജന് നിലവിലെ വൈ പ്ലസ് സുരക്ഷ തുടരണമെന്നും ശുപാർശയുണ്ട്.
രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഭീഷണി നിലനിൽക്കുന്നു. ഇദ്ദേഹത്തിനുള്ള വൈ കാറ്റഗറി സുരക്ഷ തുടരണമെന്നും. ബി.ജെ.പി. നേതാക്കളായ എം.ടി രമേശ്, സി.കെ പത്മനാഭൻ, കെ. സുരേന്ദ്രൻ എന്നിവർക്ക് രാഷ്ട്രീയ എതിരാളികളിൽനിന്ന് ഭീഷണി നിലനിൽക്കുന്നതിനാൽ ഇവർക്ക് എക്‌സ് കാറ്റഗറി സുരക്ഷ തുടരണമെന്നും ശുപാർശയുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ. രാജഗോപാൽ എം.എൽ.എയ്ക്കും സുരക്ഷാഭീഷണികൾ ഇല്ലെങ്കിലും എക്സ് കാറ്റഗറി സുരക്ഷ തുടരണം.
മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളിൽനിന്ന് ഭീഷണിയുണ്ട്. എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, സി.കെ ശശീന്ദ്രൻ എന്നിവർക്ക് മാവോവാദികളിൽ നിന്ന് ഭീഷണിയുണ്ട്.
അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് നിലവിൽ സുരക്ഷാഭീഷണികൾ ഇല്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഇസഡ് കാറ്റഗറിയിൽ നിന്ന് വൈ വിഭാഗത്തിലേക്ക് കേന്ദ്രസർക്കാർ മാറ്റിയിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.