കപ്പൽ ബോട്ടിലിടിച്ച സംഭവത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ

കൊച്ചി : കൊച്ചിയിൽ പാനമ കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേരെ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു . ക്യാപ്റ്റൻ ജോർജിയനാക്കിസ് അയോണീസ്, സെക്കൻഡ് ഒാഫിസർ അത്തനേഷ്യസ്, സീമാൻ മ്യാൻമർ എന്നിവരാണ് കസ്റ്റഡിയിൽ ആയതു. കപ്പലിന്റെ ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനഃപൂർവമുള്ള നരഹത്യക്കു കോസ്റ്റൽ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, സംഭവത്തിൽ മരിച്ച മൽസ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് കപ്പലുടമ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് മൽസ്യത്തൊഴിലാളികൾ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയപ്പോഴാണ് കപ്പൽ ഉടമസ്ഥൻ നിലപാട് അറിയിച്ചത്. കേസ് ജൂലൈ 10ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
ജൂൺ 10നാണ് ‘ആംബർ എൽ’ എന്ന പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പൽ കാർമൽ മാതാ എന്ന ബോട്ടിൽ ഇടിച്ച് അപകടം ഉണ്ടായത്.