ഒന്നരവയസുകാരനെ തെരുവു നായ കടിച്ചുകൊണ്ടുപോയി

കൊല്ലം : കൊല്ലം ചവറയില്‍ ഒന്നരവയസുകാരനെ തെരുവ് നായ വീട്ടില്‍ കയറി അക്രമിച്ചു. ഇന്നലെ രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവ് നായ കാലില്‍ കടിച്ച് വലിച്ചഴിച്ചു കൊണ്ട് പോക്കുകയായിരുന്നു. ചവറ സ്വദേശി രഞ്ജിത്തിന്റെ മകന്‍ അഭിമന്യുവിനേയാണ് തെരുവു നായ ആക്രമിച്ചത്. വീടിന് മുന്‍ഭാഗത്ത് കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ വെള്ളമെടുക്കാന്‍ പോയപ്പോഴായിരുന്നു തെരുനായയുടെ ആക്രമണം.
കുട്ടിയെ വലിച്ചിഴച്ച് വീടിന് സമീപമുള്ള വേലിക്കെട്ട് വരെ കൊണ്ടുപോയി. കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ ബഹളം വെച്ചതോടെ മാതാപിതാക്കള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
തലയില്‍ ഉള്‍പ്പെടെ പത്തിലധികം മുറിവുകളുള്ള കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രഥമിക ചികിത്സയ്ക്ക് ശേഷമാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, കൊല്ലം കോവൂരില്‍ അഞ്ച് വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തുടയ്ക്കാണ് കുട്ടിയ്ക്ക് പരുക്കേറ്റത്. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.