അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസം

കൊല്ലം : വാലെന്റൈൻസ് ദിനത്തില്‍ അഴീക്കല്‍ ബീച്ചിലെത്തിയ യുവാവിനും യുവതിക്കും നേരെ സദാചാരഗുണ്ടായിസം. പ്രദേശവാസികളായ ചിലർ യുവതിയെയും ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവരെയാണ് പിടികൂടിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവമേല്‍പിച്ചതിനും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും ഇവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തുക്കളായിരുന്ന യുവാവും യുവതിയും ബീച്ചിലെത്തിയ ശേഷം പെണ്‍കുട്ടി പ്രാഥമികാവശ്യത്തിനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയപ്പോള്‍ അവിടെ മദ്യപിച്ചു കൊണ്ടിരുന്ന സംഘം കടന്നു പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ സംഘം മര്‍ദ്ദിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇവരുടെ സിം കാര്‍ഡുകൾ കായലില്‍ എറിയുകയും ചെയ്തു. സംഘത്തില്‍പ്പെട്ട മറ്റുരണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ഇവർ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്.