ഭാവനയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

കൊച്ചി : തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെ നടി ഭാവനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായി പരാതി. യാത്രക്കിടെ അത്താണിയിൽ നിന്നും ഒരു സംഘം ഭാവനയുടെ കാറിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘം നടിയുടെ വാഹനത്തെ പിന്തുടർന്നെത്തി ചെറുതായി ഇടിക്കുകയും അതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടുപേർ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിൽ അതിക്രമിച്ചു കയറുകയുമായിരുന്നു.
കാറിൽ കയറിയ ഇവർ ഭാവനയെ ശാരീരികമായി ഉപദ്രവിക്കുകയും, അപമാനിക്കുകയും, അർദ്ധ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. കാർ പാലാരിവട്ടത്തെത്തിയപ്പോൾ ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.
പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി ഭാവന സഹായം അഭ്യർഥിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഭാവനയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി സുനിലാണ് മുഖ്യ സൂത്രധാരനെന്ന് പോലീസ് അറിയിച്ചു.
ചലച്ചിത്ര താരങ്ങൾക്ക് ഡ്രൈവർമാരെ ഏർപ്പാടാക്കി കൊടുക്കുന്ന ആളാണ് പൾസർ സുനിൽ എന്നറിയപ്പെടുന്ന സുനിൽകുമാർ. സുനിലിന്റെ നിദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മാർട്ടിൻ ഭാവനയുടെ കാർ ഓടിക്കാൻ എത്തിയത്. മാർട്ടിനും സുനിലും ഉൾപ്പെട്ട സംഘത്തിന്റെ പദ്ധതിയനുസരിച്ചാണ് അക്രമമെന്നാണ് പോലീസ് നിഗമനം. ബ്ലാക്ക് മെയിലിങ് ആയിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു.