കാമുകിയുമായി ബന്ധം: പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഭാര്യ


കോട്ടയം: ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ഈരാറ്റുപേട്ട സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ആലപ്പുഴ കരുവാറ്റ സ്വദേശി കെ എന്‍ വിനോദ് കുമാറും കാമുകിയും ആലപ്പുഴ മാന്നാറുള്ള സ്‌കൂള്‍ അധ്യാപികയും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് വിനോദിന്റെ ഭാര്യ മഹേശ്വരിയുടെ ആരോപണം. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. 1999ലായിരുന്നു വിനോദിന്റെയും ഹരിപ്പാട് സ്വദേശിനിയായ മഹേശ്വരിയുടെയും വിവാഹം. മൂന്നുമക്കളില്‍ മൂത്ത കുട്ടി രോഗിയാണ്. തുടര്‍ന്ന് വിനോദും സ്‌കൂള്‍ അധ്യാപികയും അടുപ്പത്തിലായതോടെ മഹേശ്വരിയെയും കുട്ടികളെയും വിനോദ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറക്കിവിട്ടെന്നും 2010ഓടെ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ ഇരുവരുടെയും ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. വിനോദും അധ്യാപികയും തമ്മില്‍ ഒരുമിച്ചായി താമസവും. ഇക്കാലയളവിലൊന്നും വിനോദ് തന്നെയും മക്കളെയും നോക്കിയിട്ടില്ലെന്നും ചെലവിന് നല്‍കിയില്ലെന്നും ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്കും, ഡിജിപിക്കും, കോടതിയിലും നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനിലും ഇവര്‍ പരാതി നല്‍കിയിരുന്നു. 10,000 രൂപ ചെലവിന് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ചിലവിന് നല്‍കിയില്ലെന്ന് മാത്രമല്ല, തന്നെയും മക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മെസേജുകള്‍ അയയ്ക്കുകയും തന്നെ സഹായിക്കുന്നവരുടെ പേര് ചേര്‍ത്ത് അപവാദം പറഞ്ഞുണ്ടാക്കുകയുമാണ് വിനോദും അധ്യാപികയും ചെയ്യുന്നതെന്നും മഹേശ്വരി പറയുന്നു. പല കേസുകളില്‍ ഉള്‍പ്പെട്ട വിനോദ് പല തവണ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളുടെ കുടുംബത്തില്‍ ആരും വിനോദുമായി സഹകരണത്തിലല്ലെന്നും മഹേശ്വരി ചൂണ്ടിക്കാട്ടുന്നു. ഭീഷണിയില്‍ മനം മടുത്ത് തനിക്കും മക്കള്‍ക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലിസ് സ്റ്റേഷനു മുന്നില്‍ ഉപവാസം നടത്താനൊരുങ്ങുകയാണ് ഈ വീട്ടമ്മ.

You might also like

  • Straight Forward

Most Viewed