ഒറ്റുകാരുടെ കൂടിയാട്ടമാണ് കോണ്‍ഗ്രസെന്ന് 'പ്രതിച്ഛായ'

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ബാര്‍കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് സീസറിന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കിയ ബ്രൂട്ടസിന്റെ വേഷമെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ബാര്‍ കോഴ കേസില്‍ തെറ്റുകാരനല്ലെന്ന് പറഞ്ഞവര്‍ തന്നെ അദ്ദേഹത്തെ വിജിലന്‍സ് കേസില്‍ കുടുക്കി രാജിവെപ്പിച്ചെന്നും ലേഖനത്തില്‍ പറയുന്നു. ഒറ്റുകാരുടെ കൂടിയാട്ടം എന്ന തലക്കെട്ടിലാണ് ലേഖനം. ഒരു കോടി രൂപയുടെ മാത്രം ആരോപണമുണ്ടായ മാണിയ്‌ക്കെതിരെ നടപടിയുണ്ടായപ്പോള്‍ 10 കോടി രൂപയുടെ അഴിമതി ആരോപണമുണ്ടായ ബാബുവിനെതിരെ ഒരു നടപടിയുമുണ്ടായില്ല. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനേയും ലേഖനം വിമര്‍ശിക്കുന്നു. ഉപജാപനക സംഘം വിവാഹനിശ്ചയ വേദിയില്‍ ഒത്തുകൂടിയെന്നാണ് ലേഖത്തിലെ വിമര്‍ശനം. ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കാനുള്ള അവസ്ഥ പോലും ഇല്ലാതാക്കിയത് ബിജുരമേശാണ്. 4 മന്ത്രിമാരെ വെള്ളംകുടിപ്പിച്ചു, ഒരുമന്ത്രിയെ രാജിവെപ്പിച്ചതും ബിജു രമേശിന്റെ ആരോപണത്തിന്റെ പുറത്താണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.