വി എസ്സിന് പ്രത്യേക ഓഫീസ്

തിരുവനന്തപുരം : പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര കമ്മിഷന്‍റെ അധ്യക്ഷപദവി ഏറ്റെടുക്കുന്നതോടെ വി.എസ്. അച്യുതാനന്ദനു സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ് അനുവദിക്കും. യു.ഡി.എഫ്. മന്ത്രിസഭയില്‍ റവന്യു മന്ത്രിയായിരുന്നഅടൂര്‍ പ്രകാശ് ഉപയോഗിച്ചിരുന്ന ഓഫീസാകും വി.എസിനു നല്‍കുകയെന്നാണ് വിവരം. ക്യാബിനറ്റ് റാങ്കുള്ള പദവിയായതിനാല്‍ വി.എസിനു പഴ്സണല്‍ സ്റ്റാഫിനെയും നിയമിക്കാം. നിലവില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ 25 അംഗ പഴ്സണല്‍ സ്റ്റാഫിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗികവസതി അനുവദിക്കുമെങ്കിലും വി.എസ് നിലവിലെ വാടകവീടില്‍നിന്നു താമസം മാറ്റാനിടയില്ല. കന്‍റോണ്‍മെന്‍റ് ഹൗസ് ഒഴിഞ്ഞ വി.എസ്. തന്പുരാന്‍മുക്ക് ജങ്ഷനിലെ വാടകവീട്ടിലാണ് താമസം. ഈ വീട് വി.എസിന്‍റെ ഒദ്യോഗിക വസതിയായി അംഗീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയേക്കും. കൂടാതെ വി.എസിനു ഒദ്യേഗിക വാഹനവും സര്‍ക്കാര്‍ അനുവദിക്കും. എം.എല്‍.എ എന്ന നിലയില്‍ വി.എസിനെ നിയമിക്കുന്പോള്‍ ഉയരാവുന്ന ഇരട്ടപ്പദവി കുരുക്ക് ഒഴിവാക്കാന്‍ നിയമഭേദഗതി സംബന്ധിച്ച കരട് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് തീരുമാനം. ജില്ലാ കലക്ടര്‍ പദവിയിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനെ കമ്മീഷന്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സര്‍ക്കാര്‍ ആലോചന. അംഗങ്ങള്‍, പരിഗണനാവിഷയങ്ങള്‍ എന്നിവ പിന്നീട് തീരുമാനിക്കും.