സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

ആലപ്പുഴ: അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ ഒരു കൂട്ടമാളുകള്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.സമരത്തെത്തുടര്‍ന്ന് അത്യാഹിത വിഭാഗം ഒഴികെയുള്ളവയുടെ പ്രവര്‍ത്തനം മുടങ്ങും.
നെഞ്ചുവേദനയെത്തുടര്‍ന്ന് ഡോക്ടറെ സമീപിച്ച രോഗി ചികിത്സകിട്ടാതെ മരിച്ചതായി ആരോപിച്ചാണ് ഇന്നലെ വൈകുന്നേരം ഒരു കൂട്ടമാളുകള്‍ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ ആര്‍.വി.വരുണിന്റെ വീട് ഉപരോധിച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്.അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാര്‍ഡ് സുഷമാലയത്തില്‍ ഗംഗാധരന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ഗംഗാധരനെ ഡോ. വരുണ്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീട്ടില്‍ എത്തിച്ചത്. രോഗിയുടെ ഇ.സി.ജി. എടുത്തുവരാന്‍ ഡോക്ടര്‍ പറഞ്ഞുവിട്ടു. ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് സ്വകാര്യ ഇ.സി.ജി. ലാബില്‍വച്ച് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് അരൂക്കുറ്റി ആസ്പത്രിയിലെത്തിച്ചു. ഗുളിക നല്‍കിയെങ്കിലും ഡോക്ടര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അവശനായ ഗംഗാധരനെ ഡോക്ടറുടെ വീട്ടിലെത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.അതേ സമയം ഡോക്ടര്‍മാരുടെ അപ്രതീക്ഷിത പണിമുടക്കില്‍ രോഗികള്‍ വലയുന്നു. ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്കില്‍ മിക്ക ആശുപത്രികളിലെയും പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴികെ ഒന്നും പ്രവര്‍ത്തിക്കേണ്ടതില്ലെന്ന ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഎയുടെ തീരുമാനം മൂലം ആശുപത്രിയില്‍ എത്തിയ അനേകം രോഗികളാണ് വലഞ്ഞത്.മഴക്കാലമായതോടെ പനിയും മറ്റ് അസുഖങ്ങളും വ്യാപകമായ സാഹചര്യത്തിലുള്ള ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചിരിക്കുകയാണ്.