ചൂടില് ഉരുകി കേരളം: ഉയര്‍ന്ന താപനിലയിൽ പാലക്കാട്


പാലക്കാട്: കടുത്ത വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു. പാലക്കാട് ജില്ലയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ  രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഉയര്‍ന്ന താപനിലയായ 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 1987 ലാണ് ഇതിന് മുന്‍പ് മലമ്പുഴയില്‍ താപനില ഇത്രയും ഉയര്‍ന്നിട്ടുളളത്.അതേസമയം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 41.5 ഡിഗ്രി സെല്‍ഷ്യസ് 2010ല്‍ പാലക്കാട് രേഖപ്പെടുത്തിയിരുന്നു.

അതേ സമയം വയനാട് കമ്പമല എസ്റ്റേറ്റിലെ കര്‍ഷക തൊഴിലാളിയായ നല്ല തമ്പി മരിച്ചത് സൂര്യാതാപമേറ്റാണെന്ന് സംശയമുണ്ട്. നല്ല തമ്പിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ട്.പാലക്കാട് നഗരത്തിലും പെരുമാട്ടിയിലും കോട്ടയം ചിങ്ങവനത്തും ചിലര്‍ക്ക് സൂര്യതാപമേറ്റിട്ടുണ്ട്. സമുദ്ര താപനില അസാധാരണമായി വര്‍ധിക്കുന്ന 'എല്‍ നിനോ' പ്രതിഭാസമാണ് കേരളം ചുട്ടുപൊള്ളാന്‍ കാരണം.

കേരളത്തില്‍ വേനല്‍മഴയില്‍ 43 ശതമാനം കുറവാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്. സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 13വരെ ലഭിച്ചത് 40.8 മില്ലീമീറ്റര്‍ മഴ മാത്രമാണ്. 70.9 മില്ലീമീറ്റര്‍ ശരാശരിയില്‍നിന്ന് 43 ശതമാനമാണ് കുറവനുഭവപ്പെട്ടത്. വേനല്‍മഴ തീരെകിട്ടാത്ത സ്ഥലങ്ങളില്‍ കടുത്ത ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. 

35 ഡിഗ്രി സെല്‍ഷ്യസ്സില്‍ തുടങ്ങി ഇപ്പോള്‍ 40-41 ഡിഗ്രിക്കിടെ തിളച്ചുമറിയുകയാണ് താപനില. ഇതേസ്ഥിതി തുടര്‍ന്നാല്‍ ഏപ്രില്‍ 28 മുതല്‍ ചൂട് വീണ്ടും കൂടുമെന്ന് സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. മാര്‍ച്ചിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴ കിട്ടുന്നതോടെ ചൂടിന്റെ രൂക്ഷത കുറയും. ഇത്തവണ ഇടവിട്ട് കുറഞ്ഞ വേനല്‍മഴയേ ലഭിക്കയുള്ളൂ എന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരുന്നു.

മഴക്കുറവുമൂലം കേരളത്തിലെ നദികളും വരണ്ടുതുടങ്ങി. ഈ വര്‍ഷം വെള്ളംകിട്ടാതെ 380 ഹെക്ടറോളം നെല്‍ക്കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്. ശുദ്ധജലക്ഷാമവും രൂക്ഷമാണ്.കടലോരപ്രദേശങ്ങളില്‍ കോര്‍പറേഷന്‍ മുഖേന വിതരണം ചെയ്യുന്ന വെള്ളത്തില്‍ ലവണാംശം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed