മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങള്‍ അവ തമസ്കരിക്കുകയാണെന്ന് ശശികുമാര്‍


 

കാസര്‍കോട്: മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങള്‍ തന്നെ അവ തമസ്കരിക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. എം.എ. റഹ്മാന്‍ രചിച്ച ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ ലേഖന സമാഹാരത്തിന്‍െറ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെറ്റായ വിവരങ്ങള്‍ നല്‍കുകയും യഥാര്‍ഥ വസ്തുതകളില്‍നിന്ന് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അസഹിഷ്ണുത ഓരോ ദിവസവും പകല്‍ പോലെ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ഉണ്ടോ ഇല്ലയോ എന്ന രീതിയില്‍ പരിഹാസ്യമായ ചര്‍ച്ചകള്‍ നടത്തി സമയം കളയുകയാണ് ദേശീയ ചാനലുകള്‍. ആരാണ് അസഹിഷ്ണുതക്ക് ഉത്തരവാദി? ആരാണ് ശിക്ഷിക്കപ്പെടേണ്ടത്? എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മാധ്യമങ്ങള്‍ക്ക് കടപ്പാടും കൂറും മാര്‍ക്കറ്റിനോടാണ്, വായനക്കാരോടോ കാഴ്ചക്കാരോടോ രാജ്യത്തോടോ അല്ല. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ ഭീകരന്മാരെയെന്ന പോലെയാണ് മാധ്യമങ്ങള്‍ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വികസനമായാലും പരിസ്ഥിതി പ്രശ്നങ്ങളായാലും മാധ്യമങ്ങളുടെ ഇടപെടലുകളെ നിയന്ത്രിക്കുന്നത് വിപണിയുടെ തന്ത്രങ്ങളാണെന്ന് ഫ്രണ്ട്ലൈന്‍ സീനിയര്‍ അസോസിയറ്റ് എഡിറ്റര്‍ വെങ്കിടേശ് രാമകൃഷ്ണന്‍ പറഞ്ഞു.ശശികുമാര്‍, വെങ്കിടേശ് രാമകൃഷ്ണന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു. കാസര്‍കോടന്‍ കൂട്ടായ്മയും കൈരളി ബുക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed