അനന്ത പുരി ഉണർന്നു: ഇനി ഏഴ് നാൾ കലയുടെ മാമാങ്കം


തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളക്ക് ആതിഥ്യം വഹിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 19 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 232 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്താകെയുള്ള സ്‌കൂളുകളില്‍ നിന്നായി 12000ത്തോളം പ്രതിഭകള്‍ പങ്കെടുക്കും. ഇവരില്‍നിന്നും സംസ്ഥാനത്തിന്റെ മികച്ച കലാകാരന്മാരെയും കലാകാരികളേയും തെരഞ്ഞെടുക്കാനുള്ള ആവേശകരമായ മത്സരങ്ങള്‍ക്കാകും ഇനിയുള്ള ഏഴ് രാപ്പകലുകള്‍ സാക്ഷ്യംവഹിക്കുക. ജേതാക്കള്‍ക്കുള്ള കപ്പ് കഴിഞ്ഞ തവണത്തെ ജേതാക്കളായ പാലക്കാട് ജില്ലയില്‍നിന്നും തിരുവനന്തപുരത്ത് എത്തിച്ചു.
സാധാരണയുണ്ടാകുന്ന പരാതികള്‍ ഒഴിവാക്കുന്നതിനുള്ള പ്രത്യേക നടപടികളാണ് ഇത്തവണത്തെ കലോത്സവത്തിനു സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിധികര്‍ത്താക്കളായിരുന്നവരെ ഇത്തവണത്തെ പാനലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ വിധികര്‍ത്താക്കളെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്നു തുടക്കമാകും. 19 വേദികളിലായി 232 ഇനങ്ങളില്‍ പതിനൊന്നായിരത്തിലധികം കുട്ടികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കും. ഇന്നു വൈകീട്ടു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 9.30നു മോഡല്‍ സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ പതാക ഉയര്‍ത്തിയതോടെ കലാമേളയ്ക്ക്ക് തുടക്കമായി . തുടര്‍ന്ന് ഉച്ചയ്ക്കു 2.30നു സാംസ്കാരിക ഘോഷയാത്ര സംസ്കൃത കൊളെജില്‍നിന്നും ആരംഭിക്കും. ഡിജിപി ടി.പി. സെന്‍കുമാര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്കൂളുകളിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചോടെ ഘോഷയാത്ര പ്രധാന വേദിയായി പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം. 56ാം കലോത്സവത്തിന്‍റെ ആരംഭമായി 56 അധ്യാപകര്‍ ചേര്‍ന്നു സ്വാഗതഗാനം ആലപിക്കും. 56 വിദ്യാര്‍ഥികള്‍ സ്വാഗതഗാനത്തിനൊത്തു ചുവടുവെയ്ക്കും. ഉദ്ഘാടന ചടങ്ങിനു വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കും. സംവിധായകന്‍ ജയരാജ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ എം.കെ. മുനീര്‍, വി.എസ്. ശിവകുമാര്‍, പി.ജെ. ജോസഫ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. മുന്‍കാല പ്രതിഭകളായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ചേര്‍ത്തല എ.കെ. രാമചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഇന്നു വൈകീട്ട് ആറു മുതല്‍ കലാ മത്സരങ്ങള്‍ ആരംഭിക്കും. മോഹിനിയാട്ടം, തിരുവാതിരക്കളി, കുച്ചുപ്പുടി, ഭരതനാട്യം, മൂകാഭിനയം, പഞ്ചവാദ്യം, മോണോ ആക്ട്, ഓട്ടന്‍ തുള്ളല്‍, കഥകളി, ഓടക്കുഴല്‍, ശാസ്ത്രീയ സംഗീതം, ചമ്പു പ്രഭാഷണം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ ആദ്യ ദിനത്തില്‍ വിവിധ വേദികളിലായി അരങ്ങേറും. കലോത്സവത്തിനെത്തുന്നവര്‍ക്കായി ഭക്ഷണം, താമസം, ഗതാഗതം, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 30ഓളം ബസുകള്‍ ഗതാഗതത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ സജ്ജീകരിച്ചിട്ടുള്ള ഭക്ഷണപ്പുരയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭക്ഷണം തയാറാക്കുന്നു. ഒരേ സമയം 3000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നഗരപരിധിയിലെ 15 സ്കൂളുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസസ്ഥലം ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പെടെ ഹെല്‍ത്തി സ്റ്റെ എന്ന പേരില്‍ വേദികളില്‍ വൈദ്യസഹായവും ഒരുക്കിയിട്ടുണ്ട്. കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നലെ വൈകുന്നേരം തലസ്ഥാനത്തെത്തിയിട്ടുണ്ട്. കലോത്സവം 25നു സമാപിക്കും. 25നു വൈകീട്ടു നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും. നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജേതാക്കള്‍ക്കുള്ള സ്വര്‍ണകപ്പ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത പ്രസിഡന്‍റ് വി.കെ. മധു തുടങ്ങിയവര്‍ പങ്കെടുക്കും. ഡിപിഐ എം.എസ്. ജയ സമാപന സന്ദേശം നല്‍കും.

You might also like

Most Viewed