യു​​​.എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ണ്ട് മൈ​​​ക്ക് പെ​​​ൻ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക്


വാഷിംഗ്ടൺ : പശ്ചിമേഷ്യൻ സന്ദർശനത്തിനായി ബുധനാഴ്ച ടെൽ അവീവിൽ എത്തുന്ന യു.എസ് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് കിഴക്കൻ ജറുസലേമിലെ വെേസ്റ്റൺ വാൾ എന്ന വിലാപത്തിന്‍റെ മതിൽ സന്ദർശിക്കുമെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ അറിയിച്ചു. 1967ലെ ആറുദിന യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലേമിലാണ് വിലാപത്തിന്‍റെ മതിൽ സ്ഥിതി ചെയ്യുന്നത്.

വിലാപത്തിന്‍റെ മതിൽ ഉൾപ്പെടാത്ത ഇസ്രയേലിനെക്കുറിച്ചു ചിന്തിക്കാനാവില്ലെന്ന് പെൻസിന്‍റെ ഇസ്രയേൽ സന്ദർശനവാർത്തയെക്കുറിച്ചു പത്രലേഖകരെ അറിയിച്ച യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 67ലെ യുദ്ധത്തിൽ പിടിച്ച പ്രദേശവും ഇസ്രയേലിന്‍റെ ഭാഗമായി യു.എസ് അംഗീകരിക്കുന്നുവെന്ന തരത്തിലുള്ള ഈ പ്രസ്താവന ട്രംപിന്‍റെ ജറുസലേം പ്രഖ്യാപനം പോലെ ഏറെ വിമർശനം ക്ഷണിച്ചുവരുത്തുമെന്നു തീർച്ചയാണ്.

കിഴക്കൻ ജറുസലേം അധിനിവേശ പ്രദേശമായാണ് അന്തർദേശീയ സമൂഹം കണക്കാക്കുന്നത്. ടെൽ അവീവിലെത്തുന്ന മൈക്ക് പെൻസ് ഇസ്രേലി പാർലമെന്‍റിനെ അഭിസംബോധന ചെയ്യും. പെൻസിനെ സ്വാഗതം ചെയ്യില്ലെന്ന് പലസ്തീൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ ജറുസലേം പ്രഖ്യാപനത്തെത്തുടർന്നുള്ള പ്രക്ഷോഭം കൂടുതൽ ശക്തമായി. വെള്ളിയാഴ്ച ഗാസയിലും വെസ്റ്റ്ബാങ്കിലുമായി
നാലു പലസ്തീൻകാർ ഇസ്രേലി സൈന്യത്തിന്‍റെ വെടിയേറ്റു മരിച്ചു. ഗാസയിൽ 164 പേർക്കും വെസ്റ്റ്ബാങ്കിൽ നൂറിലധികം പേർക്കും പരിക്കേറ്റു. സമീപരാജ്യമായ ജോർദ്ദാനിലും ഇസ്രേലിവിരുദ്ധ പ്രകടനം നടത്തപ്പെട്ടു. ജറുസലമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി ഈ മാസം ആറിനു ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആരംഭിച്ച സമരത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം ഇതിനകം എട്ടായി.

ഗാസയിൽ ഇസ്രേലി സേനയുടെ വെടിയേറ്റു മരിച്ച 29കാരനായ ഇബ്രാഹിം 2008ലെ ഇസ്രേലി വ്യോമാക്രമണത്തിൽ രണ്ടു കാലും നഷ്ടപ്പെട്ടയാളാണ്. ഇദ്ദേഹം ഏറെക്കാലമായി വീൽചെയറിലാണു കഴിഞ്ഞിരുന്നത്. ഇബ്രാഹിമിന്‍റെ കബറടക്കം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

You might also like

Most Viewed