ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്


തിരുവനന്തപുരം : മലയാളസിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ചേര്‍ന്നതാണ് പുരസ്‌കാരം. കെ.ജി ജോര്‍ജ്ജ് ചെയര്‍മാനും കമല്‍, ടി.കെ രാജീവ് കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് അടൂരിനെ തെരഞ്ഞെടുത്തത്. തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് പുരസ്‌കാരം നല്‍കും.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തില്‍ ബിരുദമെടുത്ത അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ കഥാചിത്രം 1972ല്‍ പുറത്തെത്തിയ 'സ്വയംവര'മാണ്. തുടര്‍ന്ന് നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തില്‍, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'പിന്നെയും' ഉള്‍പ്പെടെ 12 സിനിമകള്‍ സംവിധാനം ചെയ്തു. 1984ല്‍ പത്മശ്രീയും 2006ല്‍ പത്മവിഭൂഷണും ലഭിച്ചു. 2004ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ലഭിച്ചിരുന്നു. ഫ്രെഞ്ച് സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ 'ലീജിയന്‍ ഓഫ് ഓണര്‍' 1984ല്‍ ലഭിച്ചു. എലിപ്പത്തായം എന്ന സിനിമക്ക് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാല് പെണ്ണുങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

You might also like

Most Viewed