33 കിലോയുടെ ഗോൾഡ് സെറ്റുമായി സൗദി കമ്പനി
റിയാദ് : 33 കിലോയോളം സ്വർണം കൊണ്ടുള്ള 24 കാരറ്റ് സ്വർണാഭരണ സെറ്റുമായി ഒരു സൗദി കമ്പനി. ജിദ്ദ ആസ്തമനമായി പ്രവർത്തിക്കുന്ന തയിബ ഗോൾഡ് ആൻഡ് ജൂവൽസ് കമ്പനിയാണ് ആറ് മില്യൺ സൗദി റിയാൽ (5.88 മില്യൺ ദിർഹം) മൂല്യം വരുന്ന ഈ ആഭരണ സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 100ഓളം സ്വർണപ്പണിക്കാർ ചേർന്ന് ഏകദേശം ഒരു വര്ഷം സമയമെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു നെക്‌ലസ്, മോതിരം, കമ്മലുകൾ, വള എന്നിവ അടങ്ങുന്നതാണ് സെറ്റ്.
വേറിട്ട നിർമ്മിതിയുടെ സൗദി അറേബ്യയ്ക്ക് പേര് നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചതെന്ന് കമ്പനി എക്സിക്യൂട്ടീവ് ജനറൽ മാനേജർ എസ്സാം അൽ അഷ്‌റഫി പറഞ്ഞു. 2000 ത്തിൽ ലോകത്തിലെ ഏറ്റവും തൂക്കം കൂടിയ മോതിരം നിർമ്മിച്ചും കമ്പനി ശ്രദ്ധ നേടിയിരുന്നു.

