ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന്‍ ഉദാഹരണം


ടി.എൻ.ജി ഓർമ്മയായിരിക്കുന്നു. മദ്ധ്യവയസ്സെന്നു വിശേഷിപ്പിക്കാവുന്ന 58ൽ ഒരു പൂർണ്ണ വിരാമം. കറുപ്പിക്കാത്ത നരകൊണ്ടും കരുത്തും പാകതയുമുള്ള പ്രവൃത്തിയും മൂലം മലയാള സാമൂഹിക മനസ്സിൽ പ്രായത്തെക്കാളും ഒരുപാടു വള‌ർന്ന വ്യക്തിത്വം. പ്രായം പരിഗണിച്ചാൽ ഇനിയുമൊരുപാടുകാലം അദ്ദേഹത്തിനു നമ്മുടെ കൂടെയുണ്ടാവാമായിരുന്നു. എന്നാൽ അതിലുമൊരുപാടു നാൾ ജീവിച്ചിരിക്കുന്നവരെക്കാൾ സജീവമായി സമൂഹത്തലിടപെടാനും ഗുണപരമായി കാര്യങ്ങൾ ചെയ്യാനും അദ്ദേഹത്തിനായി എന്ന് നിസ്സംശയം പറയാം. പലർക്കും തങ്ങളുടെ സുദീർഘമായ ജീവിത കാലങ്ങളിൽ ചെയ്യാനാവുന്നതിനപ്പുറം അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നു. അങ്ങനെ വരുന്പോൾ അതൊരു ആയുസ്സു തീർന്നുള്ള തിരിച്ചു പോക്കാവുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ശനിയാഴ്ചകളിലേത് ആയുസ്സു പൂ‍‍ർത്തിയായുള്ള അന്ത്യങ്ങളാണ്.

മലയാളത്തിലെ ഒന്നാം തലമുറ ദൃശ്യ മാദ്ധ്യമ പ്രവ‍ർത്തകരിലെ മുന്പന്മാരിലൊരാളായിരുന്നു ടി.എൻ.ജിയെന്ന ടി.എൻ ഗോപകുമാർ. ഒന്നാം തലമുറയിലെ എല്ലാവരേയും പോലെ പത്ര മാധ്യമ രംഗത്തു നിന്നും ദ‍ൃശ്യ മാധ്യമ രംഗത്തേക്ക് ചുവടുമാറ്റം നടത്തിയ ആൾ. വേഗതയുടെയും അപാര സാദ്ധ്യതകളുടേതുമായ ദൃശ്യ മാധ്യമ രംഗവുമായി താരതമ്യം ചെയ്യുന്പോൾ കുറേക്കൂടി കരുത്തുറ്റ അടിത്തറയാണ് അച്ചടി മാധ്യമങ്ങളുടേത്. ഈ അടിത്തറയുടെ കരുത്താണ് മലയാളത്തിലെ ദൃശ്യ മാധ്യമ സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാർ അടക്കമുള്ളവർക്കൊപ്പം നിർണ്ണായക പങ്കു വഹിക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

ഏതെങ്കിലും വിഷയത്തിലെ അപാരജ്ഞാനത്തിനപ്പുറം ഒരുപാടു കാര്യങ്ങളെക്കുറിച്ചുള്ള സാമാന്യ ജ്ഞാനമാണ് ഒരു സാമാന്യ മാധ്യമ റിപ്പോർട്ടർക്കപ്പുറം ഒരു പത്രാധിപർക്കു വേണ്ട ഗുണം. ഇത് അന്വേഷണ കുതുകിയും ബഹുമുഖ പ്രതിഭയുമായ അദ്ദേഹത്തിന് ആവോളമുണ്ടായിരുന്നു. എഴുത്തിൻ്റെ വ്യത്യസ്ഥാ മേഖലകളിൽ അദ്ദേഹം കയ്യടക്കം തെളിയിച്ചു. സാധാരണ പത്രമാധ്യമങ്ങളിൽ നിന്നും ദൃശ്യമാധ്യമത്തിലേയ്ക്കു വരുന്നവർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് പരത്തിപ്പറച്ചിൽ. ഓരോരുത്തരും അറിഞ്ഞ് അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ചാലേ ഈ കടന്പ താണ്ടാനാവൂ. ടി.എൻ.ജി ഈ കടന്പ മനോഹരമായി താണ്ടി. ഇതുപോലെ തന്നെയാണ് ശബ്ദത്തിൻ്റെ മാത്രം കലയായ റേഡിയോ പ്രക്ഷേപണം. അവിടെയും വാക്കുകളുടെയും വാചകങ്ങളുടെയും പ്രയോഗ സാദ്ധ്യത തികച്ചും വ്യത്യസ്ഥമാണ്. ഇങ്ങനെ സമാനതകളില്ലാത്ത രംഗങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. ബി.ബി.സിക്കു വേണ്ടി ആയിരുന്നു റേഡിയോ രംഗത്തെ പ്രധാന സംഭാവനകൾ. 

നിമിഷത്തിൻ്റെ കലയായ ദൃശ്യമാധ്യമ രംഗത്ത് നിർണ്ണായക സ്ഥാനത്തിരിക്കുന്പോഴും അക്ഷര ലോകത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകാൻ ടി.എൻ.ജിക്കായി. 15 മികച്ച പുസ്തകങ്ങളാണ് തിരക്കിനിടയിൽ അദ്ദേഹം പൂർത്തിയാക്കിയത്. താരാശങ്കർ ബാനർജിയുടെ ആരോഗ്യ നികേതനമെന്ന ക‍ൃതിയെ അധികരിച്ചുള്ള ജീവൻ മശായ് എന്ന ചലച്ചിത്രവും അദ്ദേവത്തിൻ്റെ പ്രതിഭയിൽ പിറവികൊണ്ടു.

വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകർക്ക് മാർഗ്ഗ ദർശനം നൽകിയ മാധ്യമ ഗുരുവുമായിരുന്നു ടി.എൻ.ജി. അതിനെല്ലാമപ്പുറം താൻ അധിവസിക്കുന്ന സമൂഹത്തിലെ സഹജീവികൾക്ക് സർവ്വാത്മനാ കൈത്താങ്ങാകാനും അദ്ദേഹത്തിന് എന്നുമായി. ആയിരത്തോളം എപ്പിസോഡുകൾ നീണ്ട് മലയാള ടെലിവിഷൻ ചരിത്രത്തിലെ പുത്തനദ്ധ്യായമായ കണ്ണാടിയിലൂടെ ഒരുപാടു ജീവിതങ്ങളിലേയ്ക്കു സഹായ കിരണങ്ങളെത്താൻ അദ്ദേഹം നിമിത്തമായി. മുഴക്കവും സ്ഫുടതയുമുള്ള വേറിട്ട ആ ശബ്ദം നമ്മുടെയൊക്കെയോർമ്മകളിൽ ഒരിക്കലും നിലക്കുന്നില്ല. ആ ഓർമ്മകളിൽ നിന്നും ഇനിയുമൊരുപാട് കണ്ണാടികളുണ്ടാവട്ടെ. അതാവും ടി.എൻ.ജിയെപ്പോലുള്ളവർക്കുള്ള ഉചിതമായ ആദരം. 

വിട ടീ.എൻ.ജീ...

You might also like

Most Viewed