ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായ്ക്ക് തൻ്റെ ജഴ്സി സമ്മാനിച്ച് മെസി

ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായ്ക്ക് തൻ്റെ ജഴ്സി സമ്മാനിച്ച് ഇതിഹാസ താരം ലയണൽ മെസി. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ജയ് ഷായുമായി ചേർന്ന് മെസി സമ്മാനിച്ച ജഴ്സി പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും ഓജ പങ്കുവച്ചു.
ലോകകപ്പ് ചാമ്പ്യന്മാരായ അർജൻ്റീനയുടെ നായകനായിരുന്നു മെസി. ടൂർണമെൻ്റിലുടനീളം തകർത്തുകളിച്ച താരം മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് മെസിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയത്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
rdytdry