വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി സെപ്തംബറിലേക്ക് മാറ്റാന്‍ ആലോചന: സൗദി വിദ്യാഭ്യാസ മന്ത്രാലയം

സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ആഗസ്റ്റ് അവസാന വാരത്തില്‍ നിന്ന് സെപ്തംബര്‍ അവസാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചന നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ച് അവധി ഒരു മാസത്തിലധികം നീട്ടുന്നതിനെക്കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി ഡോ. അസ്സാം അദ്ദഖീല്‍ മേഖല വിദ്യാഭ്യാസ മേധാവികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തും. നിലവില്‍ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആഗസ്റ്റ് 23 ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കണം.
കടുത്ത ചൂടും വിവിധ നഗരങ്ങളില്‍ നടന്നുവരുന്ന പദ്ധതികളുടെ നടത്തിപ്പിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണവും വരുത്തിയതാണ് കലാലായങ്ങള്‍ തുറക്കുന്നത് നീട്ടിവെക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. യമനില്‍ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ കാരണങ്ങളാല്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും പ്രയാസം നേരിടുന്നുന്നുണ്ട്. യമനില്‍ നിന്നുള്ള ഷെല്‍ ആക്രമണ ഭീഷണിയില്‍ മേഖലയിലെ കലാലയങ്ങള്‍ക്ക് മന്ത്രാലയം നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് ഒരു മാസത്തിനകം ഹജ്ജ്, ബലി പെരുന്നാല്‍ അവധി വരുന്നതിനാല്‍ ഹജ്ജ് അവധിക്ക് ശേഷമുള്ള സെപ്തംബര്‍ അവസാന വാരം വരെ മധ്യവേനല്‍ അവധി നീട്ടുന്നതിനെക്കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്യുക.