എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്; കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം


താമസക്കാരും സന്ദർശകരും ഉൾപ്പെടെ എല്ലാ വിഭാഗത്തിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22−ാം നമ്പർ‍ നിയമം നടപ്പാക്കുന്നതിനുള്ള കരട് നിർദേശം അംഗീകരിച്ചത്. ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ കരട് പ്രമേയം അനുസരിച്ച് രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൗരന്മാർക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കും. അതോടൊപ്പം അടിസ്ഥാന ചികിത്സ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായി. മാനുവൽ വർക്കേഴ്സ്, ക്രാഫ്റ്റ്സ്മാൻ, ഗാർഹിക തൊഴിലാളികൾ, സന്ദർശകർ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ ഖത്തരികളല്ലാത്ത തൊഴിലാളികളെല്ലാം നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന് കീഴിൽ വരും. രോഗ പ്രതിരോധ, നിയന്ത്രണ, റിഹാബിലിറ്റേറ്റിവ് സേവനങ്ങളെല്ലാം അടിസ്ഥാന ആരോഗ്യ ചികിത്സ സേവനങ്ങളിൽ ഉൾപ്പെടും. ഇതിനുപുറമെ അധികൃതർ നിർദേശിക്കുന്ന മറ്റു സേവനങ്ങളും ഉൾപ്പെടും.  ഉത്തരവാദിത്തം തൊഴിലുടമക്ക് തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങൾ കവർ ചെയ്യുന്ന പ്രീമിയം ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും നിർബന്ധ ബാധ്യതയാണ്. 

ഇൻഷുറൻസ് കമ്പനികൾ തൊഴിലുടമകൾക്കും റിക്രൂട്ടർമാർക്കും ആരോഗ്യ ഇൻഷുറൻസ് കാർഡോ അതിന് തുല്യമായതോ നൽകിയിരിക്കണം. കൂടാതെ, ജീവനക്കാർക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്ന ആശുപത്രികളും ക്ലിനിക്കുകളും തൊഴിലുടമകളെ അറിയിച്ചിരിക്കണം.   ഇൻഷുറൻസ് പോളിസിയിൽനിന്നും നേരത്തേയുണ്ടായിരുന്ന തൊഴിലാളികളെ നീക്കം ചെയ്യുന്നതിന് തൊഴിലുടമകളും റിക്രൂട്ടർമാരും തൊഴിലാളികളെ നീക്കം ചെയ്യുന്ന സമയത്തോ തൊഴിൽ കരാർ അവസാനിക്കുന്ന വേളയിലോ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കണം. തൊഴിലാളി സ്പോൺസർഷിപ് പുതിയ തൊഴിലുടമയിലേക്ക് മാറ്റുന്നതിൽ വീഴ്ച സംഭവിച്ചാൽ നിലവിലെ ഇൻഷുറൻസ് കവറേജ് പോളിസി പ്രകാരം ദീർഘിപ്പിക്കുകയോ അല്ലങ്കിൽ താമസാനുമതി കാലാവധി വരെ ദീർഘിപ്പിക്കുകയോ ചെയ്യുന്നതായിരിക്കും.   തൊഴിലാളി രാജ്യത്ത് പ്രവേശിച്ചത് മുതലോ സ്പോൺസർഷിപ്പ് മാറ്റം വരുന്ന അന്ന് മുതലോ തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും തൊഴിലാളിയുടെ മേലുള്ള ഉത്തരവാദിത്തം ആരംഭിക്കും. അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ ഉൾപ്പെടുന്ന ഒരു കമ്പനിയുമായിട്ടായിരിക്കണം മുഴുവൻ തൊഴിലാളികളുടെയും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ കമ്പനിയുമായുള്ള കരാർ പുതുക്കുകയും ചെയ്യണം.

പ്രവാസികൾക്കും സന്ദർശകർക്കും പ്രഖ്യാപിച്ച നിർബന്ധിത ആരോഗ്യ ഇൻഷുറൻ‍സ് നിയമം ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ സന്ദർശകർക്കായിരിക്കും ഇൻഷുറൻസ് ബാധകമാക്കുക.   ഇതുസംബന്ധിച്ച വ്യവസ്ഥകളും നടപടികളും പിന്നീട് പ്രഖ്യാപിക്കും. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിയമം ഈമാസം തന്നെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വിശദീകരിച്ചു. നിയമത്തിന്‍റെ കരട് നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇവ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇൻഷുറൻസ് കമ്പനികൾ മുഖേന മാത്രമേ പ്രവാസികളും സന്ദർശകരും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ പാടുള്ളൂ. സന്ദർശക വിസയിലെത്തുന്നവർക്കും, താമസക്കാർക്കും സമഗ്രവും ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. സന്ദർശകർക്കുള്ള അടിസ്ഥാന ചികിത്സാ സേവനങ്ങളിൽ അടിയന്തര, അപകട ചികിത്സ സേവനങ്ങളും ഉൾപ്പെടും. പ്രതിമാസ ഇൻഷുറൻസ് പ്രീമിയം നിരക്ക് പരമാവധി 50 റിയാൽ ആയിരിക്കും.   

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed