വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം; വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിൽ

വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്ന് അനിൽ അക്കര പറഞ്ഞു. യോഗം ചേർന്നതിന്‍റെ റിപ്പോർട്ടും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഫളാറ്റ് പണിയാൻ യുണിടാക്കിന് അനുമതി നൽകിയത് ഈ യോഗത്തിലാണെന്നും കോൺസൽ ജനറലും റെഡ്ക്രസന്‍റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നും അനിൽ കൂട്ടിച്ചേർത്തു.
വിദേശ സഹായം കൈപ്പറ്റിയത് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്‌ട് നിയമ ലംഘനമാണെന്ന് അനിൽ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്‍റെ തെളിവുകളാണ് തൃശൂർ ഡിസിസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടത്.
fjfy