പ്രവാസികൾക്കായി 150 സംരംഭങ്ങൾ; രണ്ടുകോടിരൂപവരെ വായ്പ


തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ജോലിനഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ 150 സംരംഭങ്ങൾ തുടങ്ങാൻ തീരുമാനം. സർക്കാർ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതിപ്രകാരം കെ.എസ്.ഐ.ഡി.സി.യും നോർക്കയുമാണ് ഇതിന് സഹായംനൽകുന്നത്. അഞ്ചുശതമാനം പലിശനിരക്കിൽ രണ്ടുകോടിവരെയാണ് വായ്പ അനുവദിക്കുക. വ്യവസായ വികസന കോർപ്പറേഷനും നോർക്കയും ചേർന്നാണ് പദ്ധതിനിർവഹണം. പണം ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കുമായി കെ.എസ്.ഐ.ഡി.സി.യും നോർക്കയും ധാരണാപത്രം ഒപ്പിട്ടു. 

രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലിചെയ്തവരും നാട്ടിൽ തിരിച്ചെത്തിയവർക്കുമാണ് അപേക്ഷിക്കാവുന്നത്. ഉത്പാദന−സേവന മേഖലകളിൽ ചെറുകിട− ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിനാണ് സഹായം അനുവദിക്കുക. 25 ലക്ഷം മുതൽ രണ്ടുകോടിരൂപവരെ വായ്പ ലഭിക്കും. 8.75 ശതമാനമാണ് പലിശ. ഇതിൽ 3.75 ശതമാനം കോവിഡ്−19 സമാശ്വാസ പദ്ധതിപ്രകാരം നോർക്ക സബ്സിഡിയായി നൽകും. അഞ്ചര വർഷമാണ് വായ്പയുടെ കാലാവധി. നാലുവർഷം പലിശ സബ്സിഡി ലഭിക്കും. അവസാന ഒന്നരവർഷം 8.75 ശതമാനം നിരക്കിൽ പലിശ സംരംഭകർ നൽകേണ്ടിവരും.

വായ്പത്തിരിച്ചടവിന് ആറുമാസം മൊറട്ടോറിയം ഉണ്ടായിരിക്കും. ഇത് മുതലിന് മാത്രമാണ്. പലിശ നൽകണം. ആറുമാസം കഴിഞ്ഞാൽ മുതലും പലിശയും ചേർത്ത് അടയ്ക്കണം. ഏതു രീതിയിൽ എം.എസ്.എ.ഇ. യൂണിറ്റുകൾ തുടങ്ങിയാലും കെ.എസ്.ഐ.ഡി.സി. സഹായം അനുവദിക്കും.

നിർമാണയൂണിറ്റ് നടത്തുന്ന സ്ഥാപനം ഏതുനിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തുവെന്നത് പ്രശ്നമല്ല. ഒന്നിൽ കൂടുതൽ അംഗങ്ങൾ പങ്കാളികളായാണ് സ്ഥാപനം തുടങ്ങുന്നതെങ്കിൽ എല്ലാ അംഗങ്ങളുടെയും വ്യക്തിഗത ജാമ്യം വായ്പ അനുവദിക്കുന്നതിന് വേണ്ടിവരും. കൃത്യമായ പദ്ധതിരേഖ തയ്യാറാക്കണം. ഇത് കെ.എസ്.ഐ.ഡി.സി.ക്കാണ് സമർപ്പിക്കേണ്ടത്. ഇതുപരിശോധിച്ച് അനുമതി നൽകുന്നതിന് കെ.എസ്.ഐ.ഡി.സി. ഒരുസമിതി രൂപവത്കരിച്ചിട്ടുണ്ട്.

നോർക്ക പ്രതിനിധി അടങ്ങുന്നതാണ് സമിതി. വായ്പ അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ പ്രൊസസിങ് ചാർജ് ഒരുലക്ഷം രൂപവരെ കെ.എസ്.ഐ.ഡി.സി. ഇളവുനൽകും. ജി.എസ്.ടി.യും ഒഴിവാക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed