ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി; വിവാദ പരിഷ്‌ക്കരണനീക്കം അടിയന്തരമായി നിർത്തിവയ്ക്കാൻ പ്രസിഡന്റ്


വിവാദ ജുഡിഷ്യൽ പരിഷ്‌ക്കരണനീക്കത്തിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി. വിവാദ പരിഷ്‌ക്കരണനീക്കം അടിയന്തരമായി നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിമർശനം ഉന്നയിച്ച പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ ഇടപെടൽ.  പരിഷ്‌ക്കരണനീക്കം രാജ്യത്തിന്റെ സുരക്ഷയും സമ്പദ്‌രംഗവും സമൂഹത്തെയുമെല്ലാം അപകടഭീഷണിയിലാക്കിയിരിക്കുകയാണെന്ന് പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രി അപകടകരമായ കാഴ്ചകളാണ് നമ്മൾ കണ്ടത്. കടുത്തതും വേദനാജനകവുമായ വികാരങ്ങൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. രാജ്യം മുഴുവൻ ആശങ്കയിലാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.  ഇസ്രായേൽ ജനത ഒന്നാകെ താങ്കളിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് നെതന്യാഹുവിനോട് ഇസാക്ക് പറഞ്ഞു. 

ജൂതജനതയും ലോകമൊന്നാകെയും ഉറ്റുനോക്കുകയാണ്. ഇസ്രായേൽ ജനതയുടെ ഐക്യത്തിനു വേണ്ടി നിയമനിർമാണം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരെ എല്ലാത്തിനും മീതെ നിർത്തണമെന്നും ധീരമായും ഉത്തരവാദിത്തബോധത്തോടെയും ഒട്ടും കാലവിളംബമില്ലാതെ ഇടപെടണമെന്നും പാർലമെന്റ് അംഗങ്ങളോടും പ്രസിഡന്റ് നിർദേശിച്ചു.   

ഇസ്രായേലിലെ ജുഡിഷ്യൽ സംവിധാനം ഉടച്ചുവാർക്കുന്ന നിയമമാണ് നെതന്യാഹു പാർലമെന്റിൽ പാസാക്കാനൊരുങ്ങുന്നത്. ജഡ്ജിമാരുടെ നിയമനവും പുറത്താക്കലും അടക്കമുള്ള അധികാരം സർക്കാരിന് നൽകുന്നതടക്കമുള്ള ഒട്ടനവധി വിവാദ പരിഷ്‌ക്കാരങ്ങളാണ് നിയമത്തിലുള്ളത്. കോടതിവിധിയെ മറികടന്ന് മുന്നോട്ടുപോകാൻ സർക്കാരിന് അധികാരം നൽകുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടും. പുതിയ ബില്ലിനെതിരെ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ നടക്കുന്നത്. ആഴ്ചകളായി പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ തെരുവ് യുദ്ധക്കളമായിരിക്കുകയാണ്. സ്വന്തം പാർട്ടിയായ ലിക്കുഡിനകത്തും നെതന്യാഹുവിന് പൂർണപിന്തുണയില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രിയായിരുന്ന ഗാലന്റിന്റെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. നിയമത്തെക്കുറിച്ച് വേറിട്ട അഭിപ്രായം പങ്കുവച്ച ഗാലന്റിനെ നെതന്യാഹു മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ പതിനായിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

article-image

rdydy

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed