യുഎസ് വ്യോമാതിർത്തിയിലെ ചാരബലൂൺ: വിശദീകരണവുമായി ചൈന

യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ചൈനീസ് എയർബലൂണ്‍ കണ്ടെത്തിയ വിഷയത്തിൽ വിശദീകരണവുമായി ചൈന രംഗത്തെത്തി. കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റു ശാസ്ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിലെത്തിയതെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വാദം. സംഭവത്തിൽ ചൈന ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനയിലേക്ക് സന്ദർശനത്തിന്റെ തൊട്ടുമുമ്പാണ് ചൈനീസ് ചാരബലൂൺ സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നത്. രഹസ്യങ്ങൾ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നയിരുന്നു യുഎസ് ആരോപണം. വിഷയത്തെ കുറിച്ച് യുഎസുമായി സംസാരിക്കുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാറ്റിന്റെ ഗതി മാറിയതും നിയന്ത്രണ ശേഷി കുറഞ്ഞതിനാലുമാണ് എയർഷിപ്പ് ഉദ്ദേശിച്ച സ്ഥാനത്ത് നിന്ന് വ്യതിചലിച്ചതെന്ന് ചൈന വിശദീകരിച്ചു.
ആണവമിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉൾപ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയാണ് ചാരബലൂണ്‍ സഞ്ചരിച്ചതെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബലൂൺ വഴിയുള്ള വിവരശേഖരണമായിരിക്കണം ചൈനയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്. ഇതിനു പിന്നാലെ വിമർശനങ്ങളും അഭ്യൂഹങ്ങളും ശക്തമായതിനെ തുടർന്നാണ് ചൈന വിശദീകരണവുമായി രംഗത്തെത്തിയത്.
eduyru