വീണ ജോർജിനെതിരെ ഐഎംഎ; ആരോഗ്യ മന്ത്രി പരാജയമെന്ന് ആരോപണം


ആരോഗ്യമന്ത്രി പരാജയമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ രാധാകൃഷ്ണൻ. മന്ത്രിക്കെതിരെ കോടതിയിൽ പോകും. നല്ല മന്ത്രി നേരത്തെ ഉണ്ടായിരുന്നു. ആരോഗ്യമന്ത്രിയുടെ ശ്രമം മാധ്യമ ശ്രദ്ധ നേടാനെന്നും വിമർശനം. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പൊതുജന മദ്ധ്യത്തിൽ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.

10 ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാർ മാത്രമേ OP നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 6 ഡോക്ടർമാർ ഒപിയിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടുന്നതിനും രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺഡ്സിലുമാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടർമാർ എന്ന അടിസ്ഥാന കാര്യം മന്ത്രി മറച്ചുവയ്ക്കുനെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യകത്മാക്കി.

നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ നിലവിലില്ല. കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കൈയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമവിചാരണയ്ക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാം.

കേവലം ഒരു ഡോക്ടർ മാത്രമായി പ്രവർത്തിക്കുന്ന നാല് സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഉള്ളത്. നിലവിലുള്ള തസ്തികൾ വച്ച് ആരോഗ്യപ്രവർത്തകർക്ക് താങ്ങാവുന്നതിൽ അധികം ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. 

ഇനിയെങ്കിലും കാര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടു കണ്ട്, എന്തിനും ഏതിനും ഡോക്ടർമാരെ പഴിചാരി പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ, ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു ന്യായമായ പരിഹാരം കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed