ദുബൈ ഗ്ലോബൽ വില്ലേജിൽ മുഖ്യ ആകർഷണമായി വീണ്ടും ഇന്ത്യ പവലിയൻ

ദുബൈ : വിനോദ സഞ്ചാരികളുടെ പറുദീസയായ ദുബൈയുടെ ഗ്ലോബൽ വില്ലേജിൽ ഇത്തവണയും ഇന്ത്യ പവലിയൻ മുഖ്യ ആകർഷണമായി. ഇ ഫോർ എന്‍റർടെയിന്‍മെന്‍റിന്റെആഭിമുഖ്യത്തിൽ ‘വിസ്മൃതമായ ഇന്ത്യ’ എന്ന പ്രമേയത്തിൽ രൂപകൽപ്പന ചെയ്ത പവലിയൻ വിശാലമായ ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം എന്ന സത്തയിലേക്ക് വിരൽ ചൂണ്ടുന്നു. എല്ലാ വർഷത്തെയും പോലെ തന്നെ തലയെടുപ്പോടെ തന്നെയാണ് വിവിധ രാജ്യങ്ങളുടെ പവലിയനുകൾക്കിടയിൽ ‘ഇന്ത്യ’ തിളങ്ങി നിൽക്കുന്നത്.
അക്ബർ ചക്രവർത്തിയുടെ 16ാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ കോട്ടയുടെ പ്രതീകമാണ് ഇവിടെ പണിതിരിക്കുന്നത്. രാജകീയ പ്രൗഢി തുളുന്പുന്ന, മുഗൾ ശിൽപകലയുടെ മകുടോദാഹരണമായി വിശേഷിപ്പിക്കപ്പെടുന്ന കവാടമായ ബുലന്ദ് ദർവാസയുടെ തനിപകർപ്പും ഇവിടെയുണ്ട്. അക്ബർ ചക്രവർത്തിയുടെ ഗുജറാത്ത് വിജയത്തിന്റെ സ്മരണക്കായി 54 മീറ്റർ ഉയരത്തിൽ പണിത ബുലന്ദ് ദർവാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണ്.
അകത്ത് കടന്നാൽ വിവിധ സംസ്ഥാനങ്ങളുടെ രുചികളും കരകൗശല വിദ്യയും വർണ വൈചിത്ര്യവും സന്ദർശകർക്ക് മുന്പിൽ വിസ്മയ ക്കാഴ്ച ഒരുക്കുന്നു. ഡൽഹിയിലെ ഇന്ത്യ ഗേറ്റും ഹൈദരബാദിലെ ചാർമിനാറും ചരിത്രം വിളിച്ചോതി പവലിയനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ പ്രത്യേക കലാസാംസ്കാരിക പരിപാടികളും ഇന്ത്യയുടെ സമൃദ്ധമായ സംസ്കാരവും പൈതൃകവും മേളയിൽ സമ്മേളിക്കുന്നതോടെ ലോകനഗരത്തിൽ കൊച്ചു ഇന്ത്യയെ തന്നെയാണ് കാണപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുരാഗ് ഭൂഷണും പത്നിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥയുമായ നിത ഭൂഷൺ, ഗ്ലോബൽ വില്ലേജ് സി.ഇ.ഒ അഹ്മദ് ഹുസൈൻ ബിൻ ഇസ്സ തുടങ്ങിയവർ പവലിയൻ സന്ദർശിച്ചു.