സൗദിയിൽ ഡ്രൈവിംഗിനിടയിലെ മൊബൈൽ ഉപയോഗം കണ്ടെത്താൻ പ്രത്യേക ക്യാമറാ സംവിധാനം

റിയാദ് : ട്രാഫിക് നിയമ ലംഘനങ്ങളിൽ ഉൾപ്പെടുത്തിയ ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ അടുത്ത തിങ്കളാഴ്ച മുതൽ കണ്ടെത്തി പിടികൂടും. ഇതിനായി പ്രത്യേക ക്യാമറ സംവിധാനങ്ങൾ ഏർപ്പെടുത്തും. സൗദി ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. വാഹനം ഒാടിക്കുന്പോൾ മൊബൈൽ ഫോൺ കൈകൊണ്ടുഎടുക്കുന്നത് തന്നെ നിയമ ലംഘനമാണ്.
അതേപോലെ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും. 300 മുതൽ 500 വരെ റിയാൽ പിഴയായിരിക്കും രണ്ടു ലംഘനങ്ങൾക്കും ചുമത്തുകയെന്നും ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. ഇവ രണ്ടും റിയാദിൽ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ആ സമയങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് പിഴ ഈടാക്കിയിരുന്നില്ല. അതേസമയം, മൊബൈൽ ഫോൺ, സീറ്റ് ബെൽറ്റ് ലംഘനങ്ങൾ കണ്ടെത്തലും ശിക്ഷിക്കലും വൈകാതെ രാജ്യവ്യാപകമായി നടപ്പാക്കുമെന്നു ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ലാഹ് അൽബസ്സാമി അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.
ട്രാഫിക് രംഗത്തെ നിയമലംഘനങ്ങൾ ഇല്ലായ്മ ചെയ്യാൻ ട്രാഫിക് വിഭാഗം നൂതന വിദ്യകൾ ഉപയോഗപ്പെടുത്തുമെന്നും അതുപ്രകാരം, ട്രാഫിക് സിഗ്നലുകളിലും അതിവേഗ വീഥികളിലും നിലവിലുള്ള സാഹിർ ക്യാമറകൾക്ക് പുറമെ ട്രാഫിക് പോലീസിന്റെ പട്രോളിംങ് വാഹനങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങുമെന്നും പറഞ്ഞിരുന്നു.
സൗദിയിൽ ദിനംപ്രതി ശരാശരി 20 പേർക്ക് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നതായും ഓരോ മിനിറ്റിലും ഒരു അപകടം വീതമുണ്ടാകുന്നുന്നതായും വർഷത്തിൽ 7000 പേർ അപകടങ്ങളിൽ മരിക്കുന്നതായും മണിക്കൂറിൽ നാലു പേർക്കു വീതം വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നതായും കണക്കുകൾ പറയുന്നു.